Trending

VarthaLink

78–ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; സ്വാതന്ത്ര്യസമര സേനാനികളെ സ്മരിച്ച് മോദി; ചെങ്കോട്ടയിൽ പതാക ഉയർത്തി

ഡല്‍ഹി: എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയര്‍ത്തി. ശേഷം, സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് വേണ്ടി ത്യാഗങ്ങൾ സഹിച്ച സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന ദിവസമാണ് ഇന്ന്. ഈ രാജ്യം അവരോട് കടപ്പെട്ടിരിക്കുമെന്ന് മോദി പറഞ്ഞു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പ്രകൃതി ദുരന്തങ്ങള്‍ നമ്മുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ടെന്നും ദുരന്ത ബാധിതരായ കുടുംബങ്ങളെ വേദനയോടെ ഓർക്കുന്നു. നിരവധി പേര്‍ക്ക് അവരുടെ കുടുബാംഗങ്ങളെയും വീടും അടക്കം സര്‍വ്വതും നഷ്ടപ്പെട്ടു. രാജ്യത്തിനും വലിയ നഷ്ടമുണ്ടായി. രാജ്യം പ്രതിസന്ധിയില്‍ അവര്‍ക്കൊപ്പമുണ്ടാവും. 140 കോടി ഇന്ത്യക്കാരുണ്ട്. ഒരേ ദിശയില്‍ നമ്മളെല്ലാവരും ഒറ്റക്കെട്ടായി മുന്നേറിയാല്‍ 2047 ഓടെ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാവും എന്നും മോദി പറഞ്ഞു.

രാജ്യമിന്ന് 78 -മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ മഹാത്മാഗാന്ധിയുടെ കൈപിടിച്ച്, ഉയിർത്തെഴുന്നേറ്റ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ബാല്യം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. 34 കോടി ജനസംഖ്യയില്‍ 90 ശതമാനവും ദാരിദ്ര്യത്തില്‍ വലഞ്ഞ നാളുകള്‍. എഴുതാനും വായിക്കാനും അറിയാവുന്നവർ വിരളം. സാമ്പത്തിക വളര്‍ച്ച പൂജ്യത്തിനും താഴേയ്ക്ക് കൂപ്പുകുത്തിയ കാലം. വിമര്‍ശനങ്ങളും വെല്ലുവിളികളും അതിജീവിച്ച് നാടെങ്ങും നമ്മുടെ ദേശീയപതാക ഉയർന്ന് പറക്കുന്നു. ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ ഇന്ന് വികസന കുതിപ്പിലാണ്. ഒരു രാഷ്ട്രമാകാൻ ഒരിക്കലും സാധിക്കില്ലെന്ന് പാശ്ചാത്യ ശക്തികൾ വിധിയെഴുതിയ ദേശം, ഇന്ത്യയെന്ന ദേശീയസ്വത്വം നേടിയത് പലരുടെയും ജീവത്യാഗത്തിന്റെ ഫലമായാണ്. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ വാക്കുകൾ പകർന്ന ഊർജം ഇന്നും രാജ്യമെങ്ങും അലയടിക്കുന്നു. ബ്രിട്ടൻ കോളനിയാക്കി മാറ്റി അടിച്ചമർത്തിയ ഒരു ജനത, ഇരുണ്ട നാളുകൾ വിട്ട്, സ്വാതന്ത്ര്യത്തിന്റെ പുതിയ പുലരിയിലേക്ക് കൺതുറന്നു. അഹിംസയും സത്യാഗ്രഹവും സമാധാനവുമായിരുന്നു നമ്മുടെ സ്വാതന്ത്ര്യ സമരങ്ങളുടെ കാതലെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊളോണില്‍ ഭരണത്തില്‍ നിന്നുള്ള മോചനത്തിന് നടത്തിയത് നീണ്ട പോരാട്ടം. കൊളോണിയൽ ഭരണം പിഴുതെറിഞ്ഞ 40 കോടി ജനങ്ങളുടെ രക്തം പേറുന്നതിൽ അഭിമാനിക്കുന്നു. ഇന്ന് നാം 140 കോടി ജനതയാണ്. ഒറ്റക്കെട്ടായി ഒരേ ദിശയിലേക്ക് നീങ്ങിയാൽ നമുക്ക് 2047-ഓടെ വികസിത ഭാരതം എന്ന സ്വപ്നം കൈവരിക്കാനാകുമെന്നും മോദി പറഞ്ഞു. മോദിയുടെ തുടര്‍ച്ചയായ 11-ാം സ്വാതന്ത്ര്യദിന പ്രസംഗമാണിത്. ‘വികസിത ഭാരതം-2047’ എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രമേയം. ഒളിമ്പിക് താരങ്ങള്‍, യുവാക്കള്‍, ഗോത്രസമൂഹം, കര്‍ഷകര്‍, സ്ത്രീകള്‍, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കള്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രത്യേക അതിഥികൾ ചടങ്ങിൽ പങ്കാളികളായി.

Post a Comment

Previous Post Next Post