Trending

VarthaLink

ജില്ലാതല തദ്ദേശ അദാലത്ത്; സെപ്തംബര്‍ 6,7 തിയ്യതികളില്‍


കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ പരാതികള്‍ പരിഹരിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല അദാലത്ത് 2024 സെപ്തംബര്‍ 06, 07 തിയ്യതികളിൽ നടക്കും. ജില്ലാതല അദാലത്ത് സെപ്തംബര്‍ 06-നും കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ അദാലത്ത് സെപ്തംബര്‍ 07- നും മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലിഹാളില്‍ (കണ്ടംകുളം ജൂബിലി ഹാള്‍) വെച്ച് നടക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് അദാലത്തില്‍ പങ്കെടുക്കും. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ യഥാവിധി അപേക്ഷ നല്‍കിയതും എന്നാല്‍ സമയ പരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലുള്ള പരാതികള്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങള്‍, സ്ഥിരം അദാലത്ത് സമിതി, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫീസുകള്‍ എന്നിവയില്‍ തീര്‍പ്പാക്കാത്ത പൊതുജനങ്ങളുടെ പരാതികള്‍, നിവേദനങ്ങള്‍ എന്നിവയാണ് അദാലത്തില്‍ പരിഗണിക്കുക.  

ബില്‍ഡിംഗ് പെര്‍മിറ്റ്, ക്ലംപ്ലീഷന്‍, ക്രമവത്ക്കരണം, വ്യാപാര, വാണിജ്യ വ്യവസായ സേവന ലൈസന്‍സുകള്‍, സിവില്‍ രജിസ്‌ട്രേഷന്‍ , നികുതികള്‍, ഗുണഭോക്തൃ പദ്ധതികള്‍, പദ്ധതി നിര്‍വ്വഹണം, സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍, മാലിന്യ സംസ്‌ക്കരണം, പൊതുസൗകര്യങ്ങളും പൊതുസുരക്ഷയും, ആസ്തി മാനേജ്‌മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാം. 

ലൈഫ് പുതിയ അപേക്ഷകള്‍, അതിദാരിദ്രം പുതിയ അപേക്ഷകള്‍, ജീവനക്കാരുടെ സര്‍വ്വീസ് വിഷയങ്ങള്‍ എന്നിവ പരിഗണിക്കില്ല. പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാനായി ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അദാലത്തിന്റെ അഞ്ചുദിവസം മുമ്പ് വരെ ഓണ്‍ലൈനായി പരാതികള്‍ സമര്‍പ്പിക്കാം. adalat.lsgkerala.gov.in അദാലത്ത് നടക്കുന്ന ദിവസം നേരിട്ട് പരാതി നല്‍കാന്‍ സൗകര്യമുണ്ടാകും.

Post a Comment

Previous Post Next Post