Trending

VarthaLink

സൗദിയിൽ മലയാളി ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ; വിതുമ്പലോടെ 5 വയസുകാരി മകൾ


ദമാം: ദമാമിലെ അൽകോബാറിൽ കൊല്ലം ത്രിക്കരുവ സ്വദേശികളായ ദമ്പതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അനൂപ് മോഹൻ (37) ഭാര്യ രമ്യ മോൾ (28) എന്നിവരാണ് അൽകോബാർ തുഖ്ബയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മകൾ അഞ്ചു വയസ്സുള്ള ആരാധ്യയുടെ കരച്ചിൽ കേട്ട അയൽവാസികൾ എത്തിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന അനൂപ് മോഹനനെയും അതിനടുത്തുള്ള കട്ടിലിൽ മരിച്ചു കിടക്കുന്ന രമ്യ മോളുടെയും മൃതദേഹങ്ങൾ കണ്ടത്. പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് അൽകോബാർ പോലീസെത്തി മകൾ ആരാധ്യയോട് വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു.

കുഞ്ഞിൽ നിന്നും കിട്ടിയ വിവരമനുസരിച്ചാണ് ഇവളുടെ അച്ഛൻ ആത്മഹത്യ ചെയ്ത‌താവാം എന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നത്. തലയണ മുഖത്തമർത്തി ശ്വാസം മുട്ടിച്ചു ഈ കുഞ്ഞിനേയും കൊല്ലാനുള്ള ശ്രമം നടത്തിയതായും കുഞ്ഞിൻ്റെ കരച്ചിലിനെ തുടർന്ന് അച്ഛൻ ഇറങ്ങി പോയതായും കുഞ്ഞു സംസാരത്തിനിടയിൽ പറയുന്നുണ്ട്. പിന്നീട് തലമുകളിലായും കാൽ താഴെയായും അച്ഛൻ തൂങ്ങി നിൽക്കുന്നതായും കണ്ടതിനെ തുടർന്ന് വീണ്ടും നിലവിളിക്കുകയയിരുന്നെന്നും ആരാധ്യ പോലീസിനോട് പറഞ്ഞു.

അമ്മയെ കുറിച്ച് അന്വേഷിച്ചപ്പോൾ രണ്ടു മൂന്നു ദിവസമായി ഒന്നും സംസാരിക്കാതെ അമ്മ കട്ടിലിൽ തന്നെ കിടക്കുകയയിരുന്നെന്നും കുട്ടി പോലീസിനോട് പറഞ്ഞു. കുട്ടിയുടെ സംസാരത്തിൽ നിന്നും അമ്മ രമ്യ മോൾ നേരത്തെ മരണം സംഭവിച്ചിരിക്കാം എന്നാണു പോലീസ് നിഗമനം.

Post a Comment

Previous Post Next Post