മേപ്പാടി: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരിക്കും തിരച്ചിൽ. ചാലിയാറിൽ രാവിലെ ഏഴ് മണിയോടെ രണ്ട് ഭാഗങ്ങളായി തെരച്ചിൽ പുനരാരംഭിച്ചു. ദൗത്യം അവസാനഘട്ടത്തിലാണെന്ന് ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ മരണസംഖ്യ 365 ആയി. തിരിച്ചറിഞ്ഞ 148 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. 30 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. ജില്ലയിലെ 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്.
തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ സർവ്വമത പ്രാർത്ഥനയോടെ പൊതുശ്മശാനങ്ങളിൽ സംസ്ക്കരിക്കും. ഇന്നലെ നാല് മൃതദേഹങ്ങളാണ് ദുരന്തഭൂമിയിൽ നിന്നും കണ്ടെടുത്തത്. ഉരുൾപൊട്ടൽ ബാധിച്ച എല്ലാ സ്ഥലങ്ങളിലും ഇന്നലെ തെരച്ചിൽ നടത്തി. ആദ്യ ദിവസങ്ങളിലെ പോലെ തന്നെ വിവിധ സേനകളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിലാണ് ഇന്നലെയും തെരച്ചിൽ നടത്തിയത്. തമിഴ്നാടിന്റെ ഫയർഫോഴ്സ് ഡോഗ് സ്ക്വാഡിന്റെ സഹകരണം കൂടി ഇന്നലെ ലഭിച്ചിരുന്നു.
അഞ്ചാം ദിവസവും ആരെയും ജീവനോടെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ചാലിയാറിൽ നിന്ന് ഇന്നലെ കണ്ടെത്തിയത് 12 മൃതദേഹങ്ങളാണ്. ഇതോടെ ചാലിയാറിൽ വിപുലമായ തെരച്ചിൽ നടത്താനാണ് തീരുമാനം. പുഴ ഗതിമാറിയൊഴുകിയ സ്ഥലങ്ങളിലടക്കം തിങ്കളാഴ്ച പരിശോധന നടത്തും. തിങ്കളാഴ്ചയോടെ പരിശോധന അവസാനിപ്പിക്കാനാണ് തീരുമാനം.