തിരുവനന്തപുരം: 2023 ഡിസംബർ 31 വരെ ഉള്ള സാമൂഹ്യ സുരക്ഷ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വാർഷിക മസ്റ്ററിങ് ചെയ്യുന്നതിനായിഉള്ള സമയപരിധി 2024 സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു. ഈ സമയത്തിനുള്ളിൽ എല്ലാ പെൻഷൻ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങൾ വഴി പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കേണ്ടതാണ്. ഈ സമയപരിധി ഇനി ദീർഘിപ്പിച്ച് നൽകുന്നതല്ല എന്ന് ധനകാര്യ വകുപ്പ് അറിയിച്ചു.
2024 ജൂൺ 25ന് തുടങ്ങിയ പെൻഷൻ മസ്റ്ററിംഗ് ഇതിനോടകം 85% ത്തോളം പൂർത്തീകരിച്ചു. കിടപ്പ് രോഗികളായുള്ളവരുടെ പെൻഷൻ മസ്റ്ററിംഗ് അതാത് പ്രദേശത്തുള്ള അക്ഷയ സംരംഭകരുടെ നേതൃത്വത്തിൽ രോഗികളുടെ വീടുകൾ സന്ദർശിച്ച് പൂര്‍ത്തീകരിച്ചു വരുന്നു. അടുത്ത പെൻഷൻ വിഹിതം ലഭിക്കുന്നതിന് മസ്റ്ററിംഗ് ചെയ്തേ മതിയാകൂ എന്നുള്ളതുകൊണ്ട് എല്ലാ പെൻഷൻ ഗുണഭോക്താക്കളും അവസാന തീയതിക്കുള്ളിൽ അക്ഷയ കേന്ദ്രങ്ങളിൽ പോയി തങ്ങളുടെ പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് അറിയിക്കുന്നു.
സോഫ്റ്റ്‌വെയർ പ്രശനങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, പ്രതികൂല കാലാവസ്ഥ എന്നിവ കാരണം 15-20% മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളതിനാൽ അവസാന തിയതി നീട്ടണമെന്ന് അക്ഷയ സംരംഭകരുടെ സംഘടനയായ ഫേസ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.