നന്മണ്ട: നന്മണ്ട-13 മക്കാട്ടുമുക്കിലും പരിസരപ്രദേശങ്ങളിലും കാക്കശല്യം രൂക്ഷം. പുലർച്ചെ 4 മണിയോടെ തുടങ്ങുന്ന ക്രാ ... ക്രാ ... ശബ്ദം നേരം പുലരുന്നതുവരെ 4 മണിക്കൂറുകളോളം തുടരും. തെങ്ങുകളിലും, വൃക്ഷ തലപ്പുകളിലും രാത്രികാലങ്ങളിൽ കൂടുകൂട്ടുന്ന കാക്കളുടെ ശല്യം കാരണം ഈ പ്രദേശത്തെ ജനങ്ങൾ പൊറുതിമുട്ടുകയാണ്. 30 വർഷത്തോളമായി ഈ കാക്കകളുടെ കൂട്ടത്തോടെയുള്ള കരച്ചിൽ ''ഒരു പ്രദേശത്തെയാകെ ഉറക്കം കെടുത്തുന്നു.
അതിരാവിലെ എഴുന്നേറ്റ് പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഇതിൻ്റെ കൂട്ടശബ്ദം കാരണം പഠനം നടത്താൻ കഴിയുന്നില്ല. കൂടാതെ കാലത്ത് ക്ഷേത്ര ദർശനത്തിന് പോവുന്ന ഭക്തജനങ്ങളുടെ ദേഹത്ത് കാക്ക കാഷ്ഠം പതിക്കുന്നതും വിനയായി തീർന്നിരിക്കുന്നു. പകൽ സമയങ്ങളിൽ കൂട് ഒരുക്കാനുള്ള കമ്പുകൾ ശേഖരിക്കുന്നതും ഭക്ഷണം തേടിപ്പോവുന്നതും പതിവ് കാഴ്ച തന്നെ. നാട്ടുകാർ പടക്കം പൊട്ടിച്ചും മറ്റു പലവഴികൾ തേടിയും ഇവയെ തുരത്താൻ ശ്രമിച്ചുവെങ്കിലും ഇവയൊന്നും ഫലവത്തായില്ല.
ലേഖകൻ: ഗോവിന്ദൻകുട്ടി