കോഴിക്കോട്: വടകരയില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ മുന്‍ മാനേജര്‍ മുക്കുപണ്ടം വച്ച് 17 കോടി രൂപ തട്ടി. എടോടി ശാഖയില്‍ നിന്ന് 26 കിലോ സ്വര്‍ണവുമായി മുന്‍ മാനേജര്‍ മുങ്ങിയെന്നാണ് പരാതി. 26244.20 ഗ്രാം സ്വര്‍ണ്ണത്തിന് പകരം മുക്കുപണ്ടം വച്ച് 17,20,35,717 രൂപ തട്ടിയെടുത്തെന്നാണ് കേസ്. തമിഴ്‌നാട് മേട്ടുപാളയം പാത്തി സ്ട്രീറ്റ് സ്വദേശി മധുജയകുമാര്‍(34)നെതിരെ വടകര പൊലീസ് കേസെടുത്ത് അനേഷണം തുടങ്ങി. മാനേജര്‍ ഇര്‍ഷാദ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
മൂന്ന് വര്‍ഷത്തോളം ബാങ്കിന്റെ വടകര ശാഖയില്‍ മാനേജരായിരുന്ന മധുജയകുമാര്‍ ജൂലൈ ആറിന് പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറി പോയി. പുതുതായി ചാര്‍ജെടുത്ത മാനേജര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് മനസിലാക്കിയത്. 2021 ജൂണ്‍ 13 മുതല്‍ 2024 ജൂലൈ ആറ് വരെ 42 അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയത്. മധുജയകുമാര്‍ പാലാരിവട്ടത്ത് ചാര്‍ജെടുക്കാതെയാണ് മുങ്ങിയത്.