പൂനൂർ: നാട്ടുകാരുടെ ചിരകാലഭിലാഷമായ കാന്തപുരം കരുവാറ്റ പാലം സംസ്ഥാന സർക്കാർ ബജറ്റിൽ മൂന്നരക്കോടി രൂപ വകയിരുത്തി വീതികൂട്ടി നിർമ്മിക്കുന്നു. ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിൽ പൂനൂർപ്പുഴയ്ക്ക് കുറുകെയാണ് പാലം നിർമ്മാണം. നേരത്തേയുണ്ടായിരുന്ന വീതികുറഞ്ഞ തൂക്കുപാലം 15 വർഷത്തോളമായി പൂർണമായും തകർന്ന് കാടുമൂടിക്കിടപ്പാണ്. പുതിയ പാലം വരുന്നതോടെ ഇരുഭാഗങ്ങളിലുമായി ഇരുനൂറുമീറ്ററോളം നീളത്തിൽ അനുബന്ധ റോഡും നിർമ്മിക്കും.
ഉണ്ണികുളം, താമരശ്ശേരി ഗ്രാമപ്പഞ്ചായത്തുകളിലെ അനേകം കുടുംബങ്ങൾക്ക് നിത്യയാത്രയ്ക്ക് ഉപകരിക്കുന്നതും കൊടുവള്ളി, ബാലുശ്ശേരി നിയമസഭാ മണ്ഡലങ്ങളെ ബന്ധിപ്പിക്കാനുതകുന്നതുമായ പാലമാണിത്. കാന്തപുരം, കരുവാറ്റ, ചേപ്പാല, അവേലം, തച്ചംപൊയിൽ, എളേറ്റിൽ, കിഴക്കോത്ത് ഭാഗങ്ങളിലെ വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർക്ക് എടവണ്ണ-താമരശ്ശേരി സംസ്ഥാനപാതയിലേക്കും താമരശ്ശേരി-വയനാട് റോഡിലേക്കും എത്തിച്ചേരാൻ സൗകര്യപ്രദമാകും.
24-ന് വൈകീട്ട് 4.30-ന് മന്ത്രി മുഹമ്മദ് റിയാസ് പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യും. കെ.എം. സച്ചിൻദേവ് എം.എൽ.എ. അധ്യക്ഷനും എം.കെ. മുനീർ എം.എൽ.എ. മുഖ്യാതിഥിയുമാവും. സ്വാഗതസംഘം രൂപവത്കരണ സമ്മേളനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം ചെയ്തു. വാർഡംഗം കെ.കെ. അബ്ദുള്ള അധ്യക്ഷനായി. ഭാരവാഹികൾ: കെ.കെ. അബ്ദുള്ള (ചെയർ.), എ.കെ. ജബ്ബാർ (വർക്കിങ് ചെയർ.), കാസിംകോയ തങ്ങൾ, ഖാദർ ചാലക്കര (വൈസ് ചെയർ.), കെ.ജി. അജി (കൺ.), സാലിം കരുവാറ്റ (വർക്കിങ് കൺ.), ശഫീഖ് കാന്തപുരം, മുഹമ്മദ് കച്ചിളിക്കാലയിൽ (ജോ. കൺ.), കരുവാറ്റ ബാബു നമ്പൂതിരി (ട്രഷ.).