ന്യൂഡൽഹി: നാഷണൽ പെൻഷൻ സ്കീമിനു (എൻപിഎസ്) കീഴിൽ ജോലിയിൽ പ്രവേശിച്ച 23 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്‍റെ 50 ശതമാനം പെൻഷൻ ഉറപ്പാക്കുന്ന പുതിയ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. യൂണിഫൈഡ് പെൻഷൻ സ്കീം (യുപിഎസ്) എന്ന പദ്ധതി അടുത്ത ഏപ്രിൽ ഒന്നിനു പ്രാബല്യത്തിലാകും. നിലവിലുള്ള ജീവനക്കാർക്ക് യുപിഎസിലേക്കു മാറാനാകും. എൻപിഎസിൽ തുടരണമെന്നുള്ളവർക്ക് അതിനും സംവിധാനമുണ്ട്.
ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണു സുപ്രധാന തീരുമാനം. ഡിഎയുമായി ബന്ധിപ്പിച്ചുള്ള പഴയ പെൻഷൻ സ്കീമിലേക്കു (ഒപിഎസ്) മടങ്ങാൻ ബിജെപിയിതര കക്ഷികൾ ഭരിക്കുന്ന പല സംസ്ഥാനങ്ങളും തീരുമാനിച്ചിരിക്കെയാണ് കേന്ദ്രത്തിൽ പുതിയ പെൻഷൻ പദ്ധതി അവതരിപ്പിച്ചത്. 2004 ഏപ്രിൽ ഒന്നിനുശേഷം സർവീസിൽ പ്രവേശിച്ചവർ നിലവിൽ എൻപിഎസിനു കീഴിലാണ്. നിശ്ചിത പെൻഷൻ എന്നതിനു പകരം ജീവനക്കാരൻ നൽകിയ വിഹിതത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവർക്കു പെൻഷൻ ആനുകൂല്യങ്ങൾ.
പുതിയ പദ്ധതിയിൽ 25 വർഷം സേവനം പൂർത്തിയാക്കിയവർക്കാണു പൂർണ പെൻഷന് അർഹത. കുറഞ്ഞത് 10 വർഷം സർവീസുള്ളവർക്ക് മിനിമം പെൻഷൻ ഉറപ്പാക്കും. പെൻഷൻ പദ്ധതി പുനരവലോകനം ചെയ്യാൻ ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥന്‍റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം സമിതി രൂപീകരിച്ചിരുന്നു. റിസർവ് ബാങ്ക്, ലോകബാങ്ക് തുടങ്ങിയവയുൾപ്പെടെ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത 100ലേറെ യോഗങ്ങൾക്കുശേഷമാണ് ഈ സമിതി അന്തിമ ശുപാർശ തയാറാക്കിയത്. വരുന്ന മാർച്ചിൽ വിരമിക്കുന്നവർക്കും യുപിഎസ് പ്രകാരമുള്ള ആനുകൂല്യത്തിന് അർഹതയുണ്ടാകും.
യുപിഎസ് സവിശേഷതകൾ
1- 2025 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ. ആദ്യ വർഷം വേണ്ടത് 6250 കോടി രൂപ
2- 2004ൽ ജോലിയിൽ പ്രവേശിച്ച എൻപിഎസിനു കീഴിലുള്ള ജീവനക്കാർക്ക് പുതിയ പദ്ധതിയിലേക്കു മാറാം
3- വിരമിച്ചശേഷം സൂപ്പറാന്വേഷനിൽ തുടരുന്നവർക്കും യുപിഎസ് ആനുകൂല്യത്തിന് അപേക്ഷിക്കാം.
4- കുടിശ്ശികത്തുകയ്ക്ക് പിപിഎഫ് നിരക്കിൽ പലിശ
5- പെൻഷൻ ഫണ്ടിലേക്ക് ജീവനക്കാരുടെ വിഹിതത്തിൽ മാറ്റമില്ല. സർക്കാർ വിഹിതം 14 ശതമാനത്തിൽ നിന്ന് 18.5 ശതമാനമായി ഉയരും.
6- അഷ്വേർഡ് പെൻഷൻ- കുറഞ്ഞത് 25 വർഷം സർവീസ് പൂർത്തിയാക്കുന്ന സർക്കാർ ജീവനക്കാർക്ക് വിരമിക്കുന്നതിന് മുൻപുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്‍റെ 50 ശതമാനം പെൻഷൻ
7- കുടുംബ പെൻഷൻ: പെൻഷൻ ലഭിക്കുന്ന ആൾ മരിച്ചാൽ അവസാനം വാങ്ങിയ പെൻഷൻ തുകയുടെ 60% പെൻഷൻ കുടുംബത്തിന്.
8- മിനിമം അഷ്വേർഡ് പെൻഷൻ: 10 വർഷം സർവീസുള്ള ജീവനക്കാർക്ക് 10000 രൂപ പ്രതിമാസ പെൻഷൻ ഉറപ്പാക്കും.