തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ഓണക്കാലത്തു നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാനായുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്. ബജറ്റ് വിഹിതത്തിന് പുറമെ 120 കോടി രൂപയാണ് സപ്ലൈകോയ്‌ക്ക് അധികമായി ലഭ്യമാക്കിയതെന്നും ധനവകുപ്പ് വ്യക്തമാക്കി.
ഓണക്കാലത്ത് പച്ചക്കറി-പലവ്യഞ്ജനങ്ങള്‍ക്ക് വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് സപ്ലൈകോ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പണം അനുവദിച്ചത്. സപ്ലൈകോ സ്‌റ്റോറുകളില്‍ കൂടുതല്‍ സാധനങ്ങളെത്തിച്ച് കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ കഴിഞ്ഞാല്‍, അതുവഴി പൊതുവിപണിയിലെ വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
വിപണി ഇടപടലിന് ഈ സാമ്പത്തിക വർഷത്തെ ബജറ്റ് വകയിരുത്തൽ 205 കോടി രൂപയാണ്. കഴിഞ്ഞ മാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി 105 കോടി രൂപയാണ് ബജറ്റ് വകയിരുത്തൽ ഉണ്ടായിരുന്നത്. എന്നാൽ, 120 കോടി രൂപ അധികമായി നൽകാൻ ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം വിപണി ഇടപെടലിന് ബജറ്റിൽ 205 കോടി രൂപയായിരുന്നു വകയിരുത്തിയത്. എന്നാൽ ആകെ 391 കോടി രൂപ സപ്ലൈകോയ്‌ക്ക് സർക്കാർ അനുവദിച്ചു.