ന്യൂഡൽഹി: നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് യുജിസി പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ നാലുവരെയാണ് പരീക്ഷകള്‍ നടക്കുന്നത്. ugcnet.nta.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാനും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേഡും നല്‍കി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 83 വിഷയങ്ങള്‍ക്കായി കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് മോഡിലാണ് പരീക്ഷ നടത്തുന്നത്. പരീക്ഷ നടക്കുന്ന നഗരത്തെക്കുറിച്ചും പരീക്ഷാ തീയതിയെക്കുറിച്ചും ഇതിനോടകം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
ജൂണ്‍ 18ന് എഴുത്തുപരീക്ഷയായി നടത്തിയ നെറ്റ് എക്‌സാം ഒരു ദിവസം കഴിഞ്ഞ് റദ്ദാക്കുകയായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണത്തെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രാലയമാണ് റദ്ദാക്കല്‍ നടപടി സ്വീകരിച്ചത്. മുന്‍പ് നടത്തിയ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകളില്‍ നിന്ന് വ്യത്യസ്തമായി ജൂണില്‍ എഴുത്തുപരീക്ഷ രീതിയില്‍ നെറ്റ് എക്‌സാം നടത്തുകയായിരുന്നു.