തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളുലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചാലിയാർ പുഴയിൽ നിന്നും ലഭിക്കുന്ന ശരീരഭാഗങ്ങൾ തിരിച്ചറിയാൻ വലിയ പ്രയാസമുണ്ട്. എന്നാൽ, പ്രതീക്ഷ കൈവിടാതെ ജീവൻ രക്ഷിക്കാനുള്ള ശ്രമമായിരുന്നു രക്ഷാപ്രവർത്തകർ നടത്തിയതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. പലയിടത്ത് കുടുങ്ങിപ്പോയവരെ കണ്ടെത്തി സംരക്ഷിക്കാനായിരുന്നു ആദ്യഘട്ടത്തിൽ ശ്രമിച്ചത്. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ അത് കണ്ടെത്തി സംരക്ഷിക്കാനാണ് സ്വജീവന്‍ പോലും പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചത്. നിലമ്പൂർ മേഖലയിൽ നിന്നും കണ്ടെത്തിയ മൃതദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയാൻ വലിയ പ്രയാസമുണ്ട്.
215 മൃതദേഹങ്ങളാണ് ആകെ കണ്ടെത്തിയിട്ടുള്ളത്. അതിൽ 87 സ്ത്രീകളും 98 പുരുഷന്മാരുമുണ്ട്. 30 കുട്ടികൾക്കും ദുരന്തത്തിൽ ജീവൻ നഷ്ടമായി. 148 മൃതദേഹങ്ങൾ കൈമാറിയിട്ടുണ്ട്. ഇനിയും കണ്ടെത്താൻ 206 പേരുണ്ട്. 81 പേർ വിവിധ ആശുപത്രികളിലായി നിലവിൽ ചികിത്സയിലാണ്. 206 പേരെ ഡിസ്ചാർജ് ചെയ്ത് ക്യാമ്പിലേക്ക് മാറ്റി. വയനാട്ടിൽ 93 ക്യാമ്പുകളിലായി 10,042 പേരുണ്ട്. ചൂരൽമലയിലെ 10 ക്യാമ്പുകളിൽ 1707 പേർ താമസിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.