Trending

VarthaLink

ഡോക്ടറുടെ പേരിൽ വാട്‌സാപ്പ് സന്ദേശം യുവതിക്ക് നഷ്ടമായത് 1.35 ലക്ഷം രൂപ


കോഴിക്കോട്: യു.കെ.യിലെ ഡോക്ടറുടെ പേരിൽ വാട്‌സാപ്പ് സന്ദേശത്തിൽ വിശ്വസിച്ച് യുവതി പലതവണയായി അയച്ചുകൊടുത്തത് 1,35,000 രൂപ. അന്വേഷണത്തിൽ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ യുവതി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. നാദാപുരം സ്വദേശിയായ യുവതിക്കാണ് ആഴ്ചകൾക്ക് മുൻപ്‌ വാട്‌സാപ്പ് വഴി സന്ദേശമെത്തുന്നത്. ചോദിച്ചപ്പോൾ നമ്പർ തെറ്റായിവന്നതാണെന്നും ലണ്ടനിലെ പ്രശസ്തനായ ഡോക്ടർ മാർക്ക് വില്യംസ് ആണെന്നും അയാൾ യുവതിക്ക് മറുപടി നൽകി. കൂടുതൽ പരിചയപ്പെട്ടതോടെ വിലപിടിപ്പുളള ഗിഫ്റ്റുകൾ പാർസലായി അയച്ചുതരാമെന്ന് ഡോക്ടർ യുവതിയോട് വാട്‌സാപ്പ് സന്ദേശത്തിൽ പറഞ്ഞു. 

തൊട്ടടുത്ത ദിവസങ്ങളിൽ യുവതിക്ക് വിലകൂടിയ ഗിഫ്റ്റുകൾ സൗജന്യമായി അയച്ചതായി ഡോക്ടർ വാട്‌സാപ്പ് സന്ദേശത്തിലൂടെ അറിയിച്ചു. ഗിഫ്റ്റുകളുടെ ഫോട്ടോയും യുവതിക്ക് അയച്ചുകൊടുത്തു. മൂന്നുദിവസങ്ങൾക്കുശേഷം കൊറിയറിൽ നിന്നുമായി യുവതിക്കൊരു ഫോൺ സന്ദേശമെത്തി. നിങ്ങൾക്കുള്ള വിലകൂടിയ ഗിഫ്റ്റ് എത്തിയതായും 35,000 രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു സന്ദേശം. യുവതി അതടച്ചു. പിന്നീട് ലാൻഡിങ്‌ ചാർജ്, സർവീസ് ചാർജ്, മണിട്രാൻസ്ഫർ ചാർജ് എന്നീ പേരുകളിൽ പലതവണകളായി യുവതിയോട് പണമാവശ്യപ്പെട്ടു. യുവതി ഒരുലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു.

വീണ്ടും പലകാരണങ്ങൾ പറഞ്ഞ് പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു. നാദാപുരം മേഖലയിൽ ഇത്തരത്തിൽ ഒട്ടേറെപ്പേർ ഓൺലൈൻ വഴി തട്ടിപ്പിനിരയായതാണ് പോലീസിന് ലഭിച്ച വിവരം. എന്നാൽ, മാനക്കേട് ഭയന്ന് ആരും പുറത്തുപറയുന്നില്ലെന്നുമാത്രം. ഇത്തരത്തിൽ തട്ടിപ്പിനിരയായവർ പോലീസിൽ പരാതി നൽകണമെന്ന് നാദാപുരം പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post