Trending

VarthaLink

വാട്സാപ്പ് ഇന്ത്യയിൽ സേവനം അവസാനിപ്പിക്കുന്നോ?; പ്രതികരിച്ച് ഐടി മന്ത്രി അശ്വനി വൈഷ്ണവ്


ന്യൂഡൽഹി: വാട്സാപ്പ് ഇന്ത്യയിൽ സേവനം അവസാനിപ്പിക്കുമോ എന്ന ആശങ്കകളിൽ പ്രതികരിച്ച് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ്. വാട്സാപ്പ് സേവനങ്ങൾ അവസാനിപ്പിക്കാൻ പദ്ധതിയുള്ളതായി വാട്സാപ്പിന്‍റെ മാതൃസ്ഥാപനമായ മെറ്റ സർക്കാരിനെ അറിയിച്ചിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കോണ്‍ഗ്രസ് എംപി വിവോ തന്‍ഖയാണ് ഇതുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ ചോദ്യമുന്നയിച്ചത്. 2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സെക്ഷന്‍ 69 എ പ്രകാരം സര്‍ക്കാർ നിർദ്ദേശാനുസരണം ഉപഭോക്തൃ വിവരങ്ങൾ പങ്കുവെക്കണമെന്ന ആവശ്യങ്ങളെ തുടർന്ന് വാട്സാപ്പ് ഇന്ത്യയിൽ സേവനം അവസാനിപ്പിക്കാൻ പദ്ധതിയുണ്ടോ എന്നായിരുന്നു ചോദ്യം.

ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദം, പൊതുക്രമം എന്നീ താല്‍പര്യങ്ങള്‍ അടിസ്ഥാനമാക്കിയും കമ്പ്യൂട്ടര്‍ റിസോഴ്സിലെ വിവരങ്ങളെ അടിസ്ഥാനമാക്കി മുകളിൽ പറഞ്ഞിരിക്കുന്നവയുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്ന് മന്ത്രി പറഞ്ഞു.

ചാറ്റുകളെ സംരക്ഷിക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനത്തില്‍ വീട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധിച്ചാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടിവരുമെന്ന് വാട്‌സാപ്പ് മുൻപ് ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. സന്ദേശം അയക്കുന്നയാൾക്കും സ്വീകരിക്കുന്ന ആള്‍ക്കും മാത്രമേ അതിലെ ഉള്ളടക്കം കാണാന്‍ കഴിയൂവെന്ന് ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യയാണ് എന്‍ഡ്-ടു-എന്‍ഡ് എൻക്രിപ്ഷൻ.

എന്നാല്‍, രാജ്യത്തെ പുതിയ ഐ.ടി. നിയമം അനുസരിച്ച് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് വ്യവസ്ഥ. ആദ്യം സന്ദേശം അയച്ചയാളെ തിരിച്ചറിയുന്നതിൽ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇത് ചോദ്യംചെയ്താണ് ഫെയ്‌സ്ബുക്കും വാട്‌സാപ്പും കോടതിയെ സമീപിച്ചിരുന്നത്.

Post a Comment

Previous Post Next Post