എകരൂൽ: ഉണ്ണികുളം വനിതാ സഹകരണ സംഘത്തിൽ ഏഴുകോടിയോളം രൂപയുടെ സാമ്പത്തികത്തട്ടിപ്പ്. ഭരണസമിതി അറിയാതെ നിക്ഷേപങ്ങൾ സ്വീകരിച്ചും വായ്പയെടുത്തും സൊസൈറ്റി വരുമാനം വകമാറ്റിയുമെല്ലാമാണ് തട്ടിപ്പ് നടന്നത്. പുതിയ ഭരണസമിതി അധികാരമേറ്റതിനുശേഷം വായ്പാ തിരിച്ചടവ് മുടങ്ങിയവർക്ക് നോട്ടീസ് അയക്കുകയും കണക്കുകൾ പരിശോധിക്കുകയും ചെയ്തപ്പോഴാണ് തട്ടിപ്പ് പുറംലോകമറിഞ്ഞത്. ആരോപണവിധേയയായ സംഘത്തിന്റെ സെക്രട്ടറി പി.കെ. ബിന്ദു സസ്പെൻഷനിലാണ്. ഏഴുകോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം. സെക്രട്ടറിക്കെതിരേ അന്വേഷണമാവശ്യപ്പെട്ട് വിജിലൻസിലും കോഴിക്കോട് റൂറൽ എസ്.പി.ക്കും പരാതി നൽകിയതായി ഉണ്ണികുളം കോ-ഓപ്പറേറ്റീവ് വനിതാ സൊസൈറ്റി പ്രസിഡന്റ് കെ.പി. ഷൈനി അറിയിച്ചു.
തട്ടിപ്പിന്റെ വ്യാപ്തി നിർണയിക്കുന്നതിനായി സഹകരണവകുപ്പ് ഓഡിറ്റിങ് നടത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ നേതൃത്വത്തിലാണ് ഓഡിറ്റിങ്. മറുവശത്ത് സൊസൈറ്റിയുടെ ഇടപാടുകാർ നിയമനടപടികളടക്കമുള്ള പ്രക്ഷോഭങ്ങൾക്ക് ഒരുങ്ങുകയാണ്.1992-ൽ രൂപവത്കരിച്ച കാലംമുതൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഡയറക്ടർ ബോർഡാണ് സൊസൈറ്റി ഭരിക്കുന്നത്. 2019-2021 കാലയളവിലാണ് തട്ടിപ്പ് നടത്തി നിക്ഷേപകരുടെ ചെറുതും വലുതുമായ സംഖ്യ വെട്ടിച്ചതെന്നാണ് പ്രാഥമികനിഗമനം.13 ഇടപാടുകാരുടെ പേരിൽ വ്യാജരേഖകളുണ്ടാക്കി 65 ലക്ഷത്തോളം രൂപ വായ്പയെടുത്തിട്ടുണ്ട്. അഞ്ച് ഇടപാടുകാരുടെ പേരിൽ കുറി വിളിച്ചെടുത്ത് പണം വാങ്ങുകയും തിരിച്ചടവ് നടത്താതിരിക്കുകയും ചെയ്തിട്ടുണ്ട്.
പേപ്പർബാഗ്, തുണിസഞ്ചി, ചണബാഗ്, ഫയലുകൾ, എക്സ്‌റേ-സ്കാനിങ് ഫിലിം കവറുകൾ തുടങ്ങിയവയുടെ നിർമ്മാണ യൂണിറ്റുകൂടി ഉൾപ്പെട്ടതാണ് സൊസൈറ്റിയുടെ പ്രവർത്തനം. ഉത്പന്നങ്ങളുടെ വിപണനത്തിൽ നിന്നുള്ള വരുമാനയിനത്തിൽ മൂന്നുകോടിയോളം രൂപയും തിരിമറി നടത്തിയെന്ന് ഭാരവാഹികൾ പറയുന്നു. തിരിച്ചടവിനുള്ള നോട്ടീസ് നൽകിയവരിൽ പലരും ബാങ്കിൽ ലക്ഷങ്ങൾ നിക്ഷേപിച്ചവരും ഇതുവരെ വായ്പയെടുക്കാത്തവരുമാണ്. നിക്ഷേപകർക്കെല്ലാം പണം തിരികെ നൽകാൻ ഏർപ്പാടുണ്ടാക്കുമെന്ന് പ്രസിഡന്റ് കെ.പി. ഷൈനി അറിയിച്ചു.