അങ്കോല: ഷിരൂരിലെ മണ്ണിടിച്ചിലിലൽ കാണാതായ അർജുനെ തെരഞ്ഞ് പ്രാദേശിക മുങ്ങൽ വിദഗ്ധരായ മാൽപേ സംഘം പുഴയിലെ വെള്ളിത്തിനടിയിലേക്കിറങ്ങി പരിശോധന നടത്തുന്നു. സംഘത്തിന്‍റെ തലവന് ഈശ്വർ മാൽപെയാണ് രണ്ടു തവണ വെള്ളത്തിലിറങ്ങി പരിശോധിച്ചത്. പുഴയിൽ ഇപ്പോഴും ശക്തമായ അടിയൊഴുക്കാണ്. നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് അടിയൊഴുക്കു മൂലം പുഴയിൽ ഇറങ്ങാൻ ഇതുവരെയും സാധിച്ചിരുന്നില്ല. ആ സാഹചര്യത്തിലാണ് മാൽപേ സംഘം ദൗത്യത്തിന്‍റെ ഭാഗമായത്.
പുഴയിൽ മണ്ണിടിഞ്ഞുണ്ടായ മൺകൂനയ്ക്ക് അരികിലായി ചെളിയിൽ പൂണ്ട സ്ഥിതിയിലാണ് അർജുന്‍റെ ട്രക്ക് കണ്ടെത്തിയിരിക്കുന്നത്. ട്രക്കിനുള്ളിൽ അർജുൻ ഉണ്ടോ എന്നുറപ്പാക്കിയതിനു ശേഷം മാത്രമേ ട്രക്ക് മുകളിലേക്ക് ഉയർത്താൻ ആരംഭിക്കൂ. പുഴയ്ക്കടിയിൽ കാഴ്ച ലഭിക്കില്ല. അതു കൊണ്ട് തൊട്ടറിയാനാണ് സംഘത്തിന്‍റെ ശ്രമം.
ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ 'ഈശ്വർ മാൽപെ' യുടെ സംഘത്തിൽ എട്ടുപേരാണുള്ളത്. വിവിധ ഉപകരണങ്ങളുമായാണ് ശനിയാഴ്ച രാവിലെയോടെ ഇവർ ഷിരൂരിലെത്തിയത്. വെള്ളത്തിനടിയിലേക്ക് പോയാൽ കണ്ണ് കാണാൻ കഴിയില്ലാത്തതിനാൽ കൈകൊണ്ട് തൊട്ടുനോക്കിയാണ് ശരീരഭാഗം ഏതാണെന്നും ലോഹഭാഗം ഏതാണെന്നുമൊക്കെ തിരിച്ചറിയുകയെന്ന് ഇവർ നേരത്തെ വ്യക്തമാക്കിയിരുന്നു. റഡാർ ഉപയോഗിച്ച് നദിയിൽ കണ്ടെത്തിയ എല്ലാ പോയിന്റുകളിലും പരിശോധന നടത്താനാകുമെന്നും ഇവർ പറഞ്ഞിരുന്നു.
മൂന്ന് പ്രാവശ്യം ഈശ്വർ മാൽപെ അടിത്തട്ടിൽ മുങ്ങി തിരിച്ചുകയറിയതായി മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം. അഷറഫ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു പ്രാവശ്യം ബോട്ടുമായി ഘടിപ്പിച്ച കയറ് പൊട്ടി 150 മീറ്ററോളം ദൂരത്തേക്ക് ഒഴുകിപ്പോയതായും എം.എൽ.എ വ്യക്തമാക്കി.