മുക്കം: ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട സ്ത്രീയെ നാട്ടുകാരും ഫയർ ആൻഡ് റെസ്ക്യൂ ടീമും ചേർന്ന് രക്ഷപ്പെടുത്തി. തൊണ്ടിമ്മൽ മരക്കാട്ടുപുറം സ്വദേശിനി താഴത്തു വീട്ടിൽ മാധവി(74) യെയാണ് മുക്കം ഫയർ ഫോഴ്സിന്റെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിൽ രക്ഷപ്പെട്ടത്. മൂന്ന് കിലോമീറ്ററോളം ഒഴുകിപ്പോയ വയോധികയെ മുക്കം അഗസ്ത്യമുഴി പാലത്തിന് അടിയിൽ നിന്നാണ് രക്ഷപ്പെടുത്തിയത്.
ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. കുളിക്കാനായി പുഴയിലേക്ക് ഇറങ്ങിയ വയോധിക ഒഴുക്കിൽപ്പെടുകയായിരുന്നു. പാലത്തിലൂടെ യാത്ര ചെയ്യ്ത ഓട്ടോ ഡ്രൈവറാണ് സ്ത്രീ ഒഴുകിപ്പോകുന്നത് കണ്ടത്. രക്ഷപ്പെടുത്തിയ സ്ത്രീയെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.