Trending

VarthaLink

ഭിന്നശേഷിക്കാരെ കളിയാക്കരുത്; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീംകോടതി


ന്യൂഡല്‍ഹി: സിനിമ അടക്കമുള്ള ദൃശ്യമാധ്യമങ്ങളില്‍ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന രീതിയിൽ വൈകല്യത്തെ ഇകഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യരുതെന്ന കര്‍ശ്ശന നിര്‍ദ്ദേശവുമായി സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട് ചിത്രീകരിക്കുന്നതിനെതിരെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സുപ്രീംകോടതി പുറപ്പെടുവിച്ചു.

ആളുകളുടെ വൈകല്യം അവഹേളിച്ച് തമാശയാക്കേണ്ട കാര്യമല്ല. അംഗപരിമിതരായവരുടെ നേട്ടങ്ങളും വിജയകഥകളുമാണ് സമൂഹത്തോട് പറയേണ്ടത്. മടയന്‍, മുടന്തന്‍ തുടങ്ങിയ പദങ്ങള്‍ സിനിമയിലും മറ്റും ഉപയോഗിക്കുന്നത് സാമൂഹിക മാധ്യമത്തില്‍ തെറ്റായ ധാരണകള്‍ സൃഷ്ടിക്കുന്നു. ഭിന്നശേഷിയുള്ള കഥാപാത്രങ്ങളെ ചിത്രീകരിക്കുമ്പോള്‍ അവരുടെ അഭിപ്രായം കൂടി തേടണം. അവരുടെ ജീവിതത്തിലെ വെല്ലുവിളികളെ മാത്രമല്ല വിജയങ്ങള്‍, കഴിവുകള്‍, സമൂഹത്തിനുള്ള സംഭാവനകള്‍ എന്നിവയും ചിത്രീകരിച്ച് പ്രദര്‍ശിപ്പിക്കേണം. കെട്ടുകഥകള്‍ ചിത്രീകരിച്ച് അവരെ അപകീര്‍ത്തിപ്പെടുത്തരുതെന്നും ഇത്തരം നിബന്ധനങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് സെന്‍സര്‍ ബോര്‍ഡ് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

സോണി പിക്‌ച്ചേഴ്‌സ് പുറത്തിറക്കുന്ന 'ആംഖ് മിച്ചോളി' എന്ന ഹിന്ദി സിനിമയില്‍ ഭിന്നശേഷിക്കാരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുണ്ടെന്ന് കാണിച്ച് നിപുണ്‍ മല്‍ഹോത്ര സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Post a Comment

Previous Post Next Post