തിരുവനന്തപുരം: ശുചീകരണത്തിനിടെ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ച ജോയിയുടെ കുടുംബത്തിന് സുപ്രീംകോടതി വിധി അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജോയിയുടെ അമ്മയുടെ ചികിത്സാ ചെലവ് കോണ്‍ഗ്രസ് ഏറ്റെടുക്കും. ജോയിയുടെ മരണത്തോടെ അമ്മ ഒറ്റയ്ക്കായി. അമ്മയ്ക്ക് താമസിക്കാന്‍ വീട് പോലും ഇല്ലാത്ത അവസ്ഥയാണ്. സ്ഥലം കണ്ടെത്തി വീട് നിര്‍മ്മിച്ച് നല്‍കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം എത്രയും വേഗം നടപ്പാക്കണം. ജോയിയുടെ മാരായമുട്ടത്തെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
അമ്മയുടെ ചികിത്സാ ചെലവുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. അതു ലഭിച്ചാല്‍ മാത്രമെ ആ കുടുംബത്തിന് ജീവിച്ച് പോകാനാകൂ. എല്ലാവരും ചേര്‍ന്ന് ആ കുടുംബത്തെ സഹായിക്കണം. മാലിന്യം നീക്കം ചെയ്യുന്നതിനിടെ മരിക്കുന്നവര്‍ക്ക് 30 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധിയുണ്ട്. ഈ വിധി അനുസരിച്ചുള്ള തുക കൂടി ജോയിയുടെ കുടുംബത്തിന് നല്‍കണം. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടും. നഷ്ടപരിഹാരം നല്‍കാന്‍ എംപി മുഖേന റെയില്‍വെയോടും ആവശ്യപ്പെടും.