തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് മുന്നറിയിപ്പു നല്‍കിയിട്ടും കേരളം നടപടികള്‍ സ്വീകരിച്ചില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. അമിത് ഷാ പറഞ്ഞത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ്. ഇപ്പോള്‍ പരസ്പരം പഴിചാരാതെ ദുരന്തത്തിന് ഇരയായവരെ സഹായിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. പരസ്പരം പഴിചാരേണ്ട സന്ദര്‍ഭമല്ല ഇത്. കാലാവസ്ഥാ മുന്നറിയിപ്പുകളെ ഗൗരവത്തോടെയാണ് കാണുന്നത്. മുന്നറിയിപ്പു നല്‍കിയിട്ടും കേരളം എന്താണു ചെയ്തതെന്നാണ് അമിത് ഷാ ചോദിച്ചത്. വസ്തുതകള്‍ എല്ലാവര്ക്കും അറിയാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ് നിലനിന്നിരുന്നത്. 115നും 204 മില്ലിമീറ്ററിനും ഇടയില്‍ മഴ പെയ്യുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാല്‍ ആദ്യ 24 മണിക്കൂറില്‍ 200 മില്ലിമീറ്ററും അടുത്ത 24 മണിക്കൂറിനുള്ളില്‍ 372 മില്ലിമീറ്റര്‍ മഴയും പെയ്തു. മുന്നറിയിപ്പു നല്‍കിയതിലും എത്രയോ അധികമായിരുന്നു അത്. ദുരന്തം ഉണ്ടാകും മുന്‍പ് ഒരു തവണ പോലും അവിടെ റെഡ് അലര്‍ട്ട് നല്‍കിയിരുന്നില്ല. അപകടമുണ്ടായ ശേഷം രാവിലെ ആറു മണിയോടെയാണ് റെഡ് അലര്‍ട്ട് നല്‍കിയത്. 23 മുതല്‍ 28 വരെ വയനാട്ടില്‍ ഓറഞ്ച് അലര്‍ട്ട് പോലും നല്‍കിയിരുന്നില്ല. അമിത് ഷാ പാര്‍ലമെന്റില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. കേരളം മുന്‍കൂട്ടി ആവശ്യപ്പെട്ടത് അനുസരിച്ചാണ് എന്‍ഡിആര്‍എഫ് സംഘത്തെ അയച്ചത്. ഇതിലൊരു സംഘത്തെ വയനാട്ടില്‍ വിന്യസിക്കുകയും ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കാന് എല്ലാവരും തയാറാകണം. ദുരിതബാധിതരെ സഹായിക്കാനെന്ന പേരില്‍ വ്യാപകമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം. പല ഇടങ്ങളില്‍ നടക്കുന്ന പണപ്പിരിവ്, വസ്ത്രം, ഭക്ഷണം ശേഖരിക്കല്‍ എന്നിവ വയനാടിനു ഗുണകരമാകില്ല. അവിടെ ആവശ്യമുള്ള കാര്യങ്ങള്‍ അവിടെത്തന്നെ സജ്ജീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് അത്തരം പ്രവര്‍ത്തനങ്ങള്‍ ആവശ്യമില്ലാത്ത ഒന്നായി മാറും. അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ അത്തരം നീക്കങ്ങള്‍ നിര്‍ത്തിവയ്ക്കണം. ഇതുവരെ ശേഖരിച്ച വസ്തുക്കള്‍ അതതു ജില്ലകളിലെ കലക്ടറേറ്റുകളില്‍ കൈമാറണം. എന്തെങ്കിലും ആവശ്യം വന്നാല്‍ ദുരന്തനിവാരണ അതോറിറ്റി പറയുന്നതു പോലെ ചെയ്യുന്നതാവും നല്ലതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.