തൃശൂർ: ചേലക്കരയിൽ വിദ്യാർത്ഥിനിയുടെ സ്കൂൾ ബാഗിൽ മലമ്പാമ്പ്. ചേലക്കര ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പഴയന്നൂർ സ്വദേശിനിയായ പ്ലസ്ടു വിദ്യാർത്ഥിനിയുടെ ബാഗിനുള്ളിലാണ് മലമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടത്.
സ്കൂളിലെത്തി ക്ലാസ് തുടങ്ങിയ ആദ്യ പിരീഡിൽ ആയിരുന്നു സംഭവം. വിദ്യാർത്ഥിനി ബാഗ് തുറന്ന് പുസ്തകം എടുക്കുന്നതിനിടെ പാമ്പ് കയ്യിൽ തട്ടി. ഉടൻ തന്നെ കൈവലിച്ച് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. ഇതു കണ്ട സഹപാഠി ഉടൻ തന്നെ ബാഗിന്റെ സിബ്ബ് അടയ്ക്കുകയും ചെയ്തു. വിദ്യാർത്ഥിനിയുടെ വീട്ടിൽ നിന്നുമാണ് പാമ്പ് കയറിക്കൂടിയത് എന്നും മഴക്കാലമായതിനാൽ എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതി മരിയ പറഞ്ഞു.