കക്കയം: കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചു. ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ കലക്ടറുടെ നിർദ്ദേശപ്രകാരം ഇന്നലെ വൈകിട്ടു മുതലാണ് വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചത്.
മലബാറിലെ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് കരിയാത്തുംപാറ. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ജൂൺ 24നാണ് ടൂറിസ്റ്റ് കേന്ദ്രം അടച്ചത്. കരിയാത്തുംപാറ ബീച്ച് മേഖലയിൽ പ്രവേശനം ഉണ്ടാകും. അമിത ജലപ്രവാഹം ഉണ്ടാകുന്ന പാറക്കടവ് മേഖലയിൽ സുരക്ഷ പരിഗണിച്ച് ടൂറിസ്റ്റുകളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്.
ബീച്ച് മേഖലയിൽ പ്രദേശവാസികളായ കൂടുതൽ ഗൈഡുകളെ നിയമിച്ച് സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.