ബാലുശ്ശേരി: കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ നിന്നും തുടങ്ങി ഇയ്യാട് അങ്ങാടിയിൽ അവസാനിക്കുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞു ശോചനീയാവസ്ഥയിൽ. മഴക്കാലമായതോടെ റോഡിൽ രൂപപ്പെട്ട കുഴികളിലെ വെള്ളക്കെട്ട് കാരണം ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടം സംഭവിക്കുന്നുണ്ട്. ബാലുശ്ശേരിയിൽ നിന്നും ഇയ്യാട് ഭാഗത്തേക്കുള്ള മൂന്ന് ബസുകൾ ഈറൂട്ടിൽ സർവീസ് നടത്തുന്നുണ്ട്.
കുട്ടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ, പൂനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ, എളേറ്റിൽ വട്ടോളി ഹൈസ്കൂൾ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർത്ഥികൾക്കും എളുപ്പത്തിൽ പോവാനുള്ള റോഡാണിത്. റോഡ് ഗതാഗതയോഗ്യമാക്കി മാറ്റണമെന്ന് ആവശ്യമുയരാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
കപ്പുറം ഇയ്യാട് ഭാഗങ്ങളിലാണ് റോഡ് ഏറെ തകർന്നത്. വേനൽക്കാലത്ത് അറ്റകുറ്റപ്പണികൾ നടക്കാത്തതാണ് ഈ ദുരിതത്തിന് കാരണം.