Trending

VarthaLink

വിവാദങ്ങൾക്കിടെ നീറ്റ്-യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ദില്ലി: ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർത്ഥികള്‍ക്കായി നടത്തിയ നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. exams.nta.ac.in/NEET എന്ന വെബ്സൈറ്റിൽ നിന്ന് ഫലമറിയാം. പരീക്ഷാ സമയം നഷ്ടമായെന്ന് പറഞ്ഞാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി കുറച്ച് വിദ്യാർത്ഥികള്‍ക്ക് ഗ്രേസ് മാർക്ക് നൽകിയത്. ഇത് വിവാദമായതോടെയാണ് വീണ്ടും പരീക്ഷ നടത്തിയത്. 1563 വിദ്യാർത്ഥികളിൽ 813 പേർ വീണ്ടും പരീക്ഷയെഴുതി. ആറ് നഗരങ്ങളിലാണ് വീണ്ടും പരീക്ഷ നടത്തിയത്.

വീണ്ടും പരീക്ഷ എഴുതിയ 813 പേരിൽ ആർക്കും 720/720 മാർക്ക് നേടാൻ കഴിഞ്ഞിട്ടില്ല. നേരത്തെ 67 പേർക്കാണ് മുഴുവൻ മാർക്കും ലഭിച്ചിരുന്നത്. വീണ്ടും പരീക്ഷ എഴുതിയവരിൽ മുഴുവൻ മാർക്ക് നേടിയ അഞ്ച് പേരുണ്ടായിരുന്നു. ടോപ്പർമാരിൽ മറ്റൊരാള്‍ റീടെസ്റ്റ് എഴുതിയില്ല. ഇതോടെ ടോപ്പർമാരുടെ എണ്ണം 67ൽ നിന്ന് 61 ആയി കുറഞ്ഞു.

വീണ്ടും പരീക്ഷ എഴുതാത്തവരുടെ ഗ്രേസ് മാർക്ക് കുറച്ചുള്ള സ്കോർ ആണ് പരിഗണിക്കുക. ജൂൺ 23-നാണ് റീടെസ്റ്റ് നടത്തിയത്. 67 പേർക്ക് ഒന്നാം റാങ്ക് ലഭിക്കുകയും കുറച്ചുപേർക്ക് ഗ്രേസ് മാർക്ക് നൽകുകയും ചെയ്തതോടെയാണ് നീറ്റ് യുജി പരീക്ഷ വിവാദമായത്. തുടർന്ന് ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തി. ഈ കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികള്‍‌ ജൂലൈ 8 ന് സുപ്രീംകോടതി പരിഗണിക്കും.

Post a Comment

Previous Post Next Post