കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില താഴേക്ക്. ബജറ്റ് പ്രഖ്യാപനത്തിന്റെ ചുവടു പിടിച്ചുകൊണ്ട് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് പവന് 760 രൂപ കുറഞ്ഞ് 51,200 ല്‍ എത്തിയിരിക്കുകയാണ്. ഒരു ഗ്രാമിന് 95 രൂപ കുറഞ്ഞ് 6400 രൂപ ആയിട്ടുണ്ട്. ഇതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില തുടരുന്നത്.
കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള പ്രഖ്യാപനം വന്നതിനു പിന്നാലെ പവന് ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞിരുന്നു. തുടർന്ന് ഇന്നലെയും വില താഴുമെന്നു പ്രതീക്ഷിച്ചെങ്കിലും മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇപ്പോഴിതാ ഇന്നത്തെ വില കുറവോടെ ബജറ്റിനു ശേഷം സ്വർണവിലയിൽ 2760 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര ബജറ്റിൽ പതിനഞ്ചു ശതമാനമായിരുന്ന ഇറക്കുമതി തീരുവ ആറു ശതമാനമാക്കി കുറയ്ക്കുമെന്നായിരുന്നു പ്രഖ്യാപനം.