മലപ്പുറം: മലപ്പുറത്ത് ഒരാള്‍ക്ക് കൂടി നിപ രോഗലക്ഷണം. രോഗിയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സാംപിളുകള്‍ വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സാംപിള്‍ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും അയച്ചു.
മലപ്പുറം സ്വദേശിയായ അറുപത്തെട്ടുകാരനാണ് ചികിത്സയിലുള്ളത്. എന്നാല്‍ ഇയാള്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍പ്പെടുന്ന ആളല്ല. സമാന രോഗലക്ഷണം കണ്ടതോടെയാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളുടെയും അടുത്ത ബന്ധുവിന്റെയും സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ കർശ്ശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കടകൾ രാവിലെ 10 മണി മുതൽ 5 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ. വിവാഹ ചടങ്ങുകൾക്ക് 50 പേർ മാത്രം പങ്കെടുക്കണമെന്നും നിർദ്ദേശമുണ്ട്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ എല്ലാവരോടും വീടുകളിൽ തുടരണം. സെക്കൻഡറി സമ്പർക്ക പട്ടിക കൂടി വൈകാതെ തയ്യാറാക്കും.
അതേസമയം, നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ കബറടക്കം മലപ്പുറത്ത് വച്ച് നടക്കും. ജില്ലാ കലക്ടർ കുട്ടിയുെട മാതാപിതാക്കളുമായി നടത്തിയ ചർച്ചയിലാണ് സംസ്കാരം മലപ്പുറത്ത് വച്ച് നടത്താൻ തീരുമാനിച്ചത്.