മലപ്പുറം: മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിൽ നിയന്ത്രണമേര്‍പ്പെടുത്തി. ഈ പഞ്ചായത്തുകളിൽ ആൾകൂട്ടം ഒഴിവാക്കണം. ജില്ലയിലുള്ളവർ എല്ലാവരും മാസ്ക്ക് ധരിക്കണം. കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാൻ പാടുളളു. മദ്രസ, ട്യൂഷൻ സെന്‍റർ ഞായറാഴ്ച പ്രവർത്തിക്കരുത്. മുൻകൂട്ടി തീരുമാനിച്ച പരിപാടികൾക്ക് ആൾകൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു.
നിലവിൽ 214 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 60 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. നിപ സ്ഥിരീകരിച്ച കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മാവൻ എന്നിവർ ക്വാറന്‍റൈനിലാണ്. നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്‍റൈനിലാണ്. കുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിയും നിരീക്ഷണത്തിലുണ്ട്. ഈ കുട്ടിക്കും പനി ബാധയുള്ളതിനാൽ സാംപിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
കുട്ടിയുടെ വീടിന് 3 കിലോമീറ്റര്‍ ചുറ്റളവിലുള്ളവർക്ക് ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. മലപ്പുറത്തും കോഴിക്കോടും ജാഗ്രതാ നിർദ്ദേശം നൽകി. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറത്ത് കണ്‍ട്രോള്‍ റൂമും തുറന്നു. കോഴിക്കോട് മെഡിക്കല്‍ കോളെജ് അത്യാഹിത വിഭാഗത്തിലെ ജീവനക്കാര്‍ക്ക് പിപിഇ കിറ്റ് നിര്‍ബന്ധമാക്കി. കുട്ടിയുടെ സമ്പർക്ക വിവരങ്ങൾ ശേഖരിച്ചുവരികയാണ്.