കോഴിക്കോട്: അഞ്ചുമാസത്തിനുള്ളിൽ സൈബർ തട്ടിപ്പിലൂടെ നഗരത്തിൽ നഷ്ടമായത് അഞ്ചുകോടി രൂപ. ഡോക്ടർമാർ, വ്യാപാരികൾ, ജീവനക്കാർ, ധനകാര്യ സ്ഥാപനത്തിൽനിന്ന് വിരമിച്ചവർ തുടങ്ങിയവരിൽനിന്നുള്ള 244 പരാതികളാണ് ജനുവരിമുതൽ മേയ്‌വരെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ലഭിച്ചത്. വ്യാജകൊറിയർ കമ്പനികൾ, വ്യാജ ഷെയർ മാർക്കറ്റ് കമ്പനികൾ എന്നിവയുടെ പേരിലാണ് തട്ടിപ്പ് കൂടുതലും. ആധാർനമ്പറുകൾ, മൊബൈൽഫോൺ നമ്പറുകൾ എന്നിവ തട്ടിപ്പുകാർ സംഘടിപ്പിച്ചിട്ടുണ്ട്.
തട്ടിപ്പുകാർ പലരും വിദേശത്തുള്ളവരാണ്. കൊറിയർ കമ്പനിയിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മൊബൈൽ ഫോണിൽ വിളിക്കുക. വന്നിട്ടുള്ള പാഴ്സലിൽ ലഹരിവസ്തുക്കളായ എം.ഡി.എം.എ. പോലുള്ള കണ്ടിട്ടുണ്ടെന്നും കേസാക്കാതിരിക്കാൻ പണം വേണമെന്നും വിസമ്മതിക്കുകയാണെങ്കിൽ വിവരം പോലീസിൽ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്യും. ഓഹരി നിക്ഷേപത്തിന് അമിതലാഭം നേടാമെന്ന വാഗ്ദാനത്തിൽ മോഹിച്ച് രണ്ട് ഡോക്ടർമാർക്ക് 15 ലക്ഷവും 37 ലക്ഷവും നഷ്ടപ്പെട്ടു. ധനകാര്യ സ്ഥാപനത്തിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥന് അഞ്ചരലക്ഷം രൂപയും സമാനമായരീതിയിൽ നഷ്ടമായി.
ഇൻസ്റ്റഗ്രാമിൽ മസാജ് കേന്ദ്രത്തിന്റെ പരസ്യം കണ്ട് വയനാട് സ്വദേശി പേര് രജിസ്റ്റർ ചെയ്തു മൂന്നുതവണയായി ഇതിന്റെ ലിങ്കുകൾ തുറന്നതോടെ 7198 രൂപ നഷ്ടമായി. കടയിലെ ജീവനക്കാരനും ഇത്തരത്തിൽ 1.21 ലക്ഷം രൂപ നഷ്ടമായി. ഇത്തരത്തിൽ കോഴിക്കോട്ടെ ഒരു നക്ഷത്രഹോട്ടലിന്റെ പേർ ദുരുപയോഗപ്പെടുത്തിയതിന് ഹോട്ടലധികൃതർ പോലീസിൽ പരാതി നൽകി.
നികുതി നൽകാത്ത അധികതുക ബാങ്കിൽ നിക്ഷേപിച്ചെന്നും കണ്ടുകെട്ടാതിരിക്കാൻ നിശ്ചിതതുക നൽകണമെന്നും ഇല്ലെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി സി.ബി.ഐ ഉദ്യോഗസ്ഥനെന്ന വ്യാജേന ഡോക്ടറുടെ 34 ലക്ഷം രൂപ തട്ടിയെടുത്ത കേസുമുണ്ട്. സി.ബി.ഐ. ഉദ്യോഗസ്ഥനെന്ന വ്യാജേന വ്യാജയൂണിഫോമിൽ വീഡിയോകോളിലൂടെയായിരുന്നു ഭീഷണി.