കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തു നിന്നും മോഷണം പോയ ഓട്ടോറിക്ഷ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് തടമ്പാട്ടുതാഴത്ത് റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ ഓട്ടോ കണ്ടെത്തിയത്. ഉണ്ണികുളം ഇയ്യാട് മലഞ്ചരക്ക് കടയില്‍ മോഷണം നടത്താനാണ് ഓട്ടോറിക്ഷ കടത്തിക്കൊണ്ടുപോയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന മലപ്പുറം സ്വദേശി വിജേഷിന്‍റെ ഓട്ടോറിക്ഷ കാണാതായത്. പരാതി കിട്ടിയതോടെ മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം തുടങ്ങി. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം ഇതിനിടയിലാണ് തടമ്പാട്ടുതാഴത്ത് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഓട്ടോറിക്ഷ കണ്ടെത്തിയത്. പിന്നാലെ ഓട്ടോറിക്ഷ മോഷ്ടിച്ചവര്‍ക്കായി തെരച്ചില്‍ തുടങ്ങി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാലുശ്ശേരി ഉണ്ണികുളം ഇയ്യാട് മലഞ്ചരക്ക് കടയില്‍ മോഷണം നടത്താനായി ഓട്ടോറിക്ഷ കടത്തിക്കൊണ്ടു പോവുകയായിരുന്നുവെന്ന് വ്യക്തമായത്. കടയില്‍ നിന്നും മോഷണം നടത്തിയ സാധനങ്ങള്‍ ഈ ഓട്ടോറിക്ഷയില്‍ തടമ്പാട്ടു താഴത്ത് എത്തിച്ചു. അവിടെ നിന്നും മറ്റൊരു വാഹനത്തിലേക്ക് സാധനങ്ങള്‍ മാറ്റിയ ശേഷം ഓട്ടോറിക്ഷ റോഡരികില്‍ ഉപേക്ഷിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. മോഷ്ടാക്കളെ കണ്ടെത്താനുള്ള തെരച്ചിലിലാണ് പോലീസിപ്പോള്‍.