Trending

VarthaLink

നരിക്കുനി- നന്മണ്ട റോഡിൽ അമ്പലപ്പൊയിലിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല

നന്മണ്ട: നരിക്കുനി-നന്മണ്ട റോഡിൽ അമ്പലപ്പൊയിലിലെ വെള്ളക്കെട്ടിന് ഇനിയും ശാശ്വത പരിഹാരമായില്ല. ചെറിയ മഴയിൽപ്പോലും പുഴയായിമാറുന്ന റോഡിലൂടെ കാൽനടയാത്ര ദുഷ്കരമാവുന്നു. വാഹനബാഹുല്യമുള്ള റോഡായതിനാൽ മഴക്കാലത്ത് യാത്രക്കാർക്ക് ചെളിയഭിഷേകവും. ജലജന്യരോഗങ്ങൾ പടരുന്നകാലത്ത് മലിനജലത്തിൽ ചവിട്ടിപ്പോവണമെന്ന അവസ്ഥയാണ്. തൊട്ടടുത്ത മാതോത്ത് പുറായി അങ്കണവാടിയിലെ കുരുന്നുകളെ രക്ഷിതാക്കൾ തോളിലേറ്റിയാണ് വെള്ളക്കെട്ട് മറികടക്കുന്നത്.

എന്നാൽ, അമ്പലപ്പൊയിൽ സ്കൂൾപരിസരത്തെ കുട്ടികളുടെ കാര്യമാണ് ഏറെ ദയനീയം. ചെളിവെള്ളം ചവിട്ടിവേണം സ്കൂളിലെത്താൻ. സ്കൂൾപരിസരത്ത് മരാമത്ത് വകുപ്പ് നടപ്പാതയും ഡ്രെയിനേജും നിർമിച്ചതിനാൽ വെള്ളക്കെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും തൊട്ടടുത്തുതന്നെയാണ് വെള്ളക്കെട്ട്. ഇവിടെ താഴ്ന്നുകിടക്കുന്ന റോഡ് ഉയർത്തി പ്രശ്നം പരിഹരിക്കണമെന്ന് നാട്ടുകാർ ഒട്ടേറെത്തവണ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിട്ടും റോഡ് ഉയർത്തുകയെന്നത് ജലരേഖയായി മാറി.

നന്മണ്ട മുതൽ നരിക്കുനിവരെ റോഡ് ഉയർത്താനുള്ള നിർദ്ദേശം സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ടെന്നും അനുമതി കിട്ടിയാൽ റോഡ് പണി ആരംഭിക്കുമെന്നും മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Post a Comment

Previous Post Next Post