കോഴിക്കോട്: ചെറുവണ്ണൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സീബ്രാ ലൈനില്‍ സ്വകാര്യ ബസ്സ് ഇടിച്ച് തെറിപ്പിച്ചു. കൊളത്തറ സ്വദേശിയായ വിദ്യാര്‍ത്ഥിനിയെയാണ് അമിത വേഗത്തില്‍ വന്ന ബസ്സ് ഇടിച്ച് തെറിപ്പിച്ചത്. സംഭവത്തിൽ നല്ലളം പൊലീസ് കേസെടുത്തു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും.
ഇക്കഴിഞ്ഞ ഏഴിന് വൈകിട്ട് ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ സീബ്ര ലൈനില്‍ വെച്ചാണ് സംഭവം. കൊളത്തറ സ്വദേശിയായ വിദ്യാര്‍ത്ഥിനി ഫാത്തിമ റിനയെ അമിത വേഗത്തില്‍ വന്ന ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുകയായിരുന്നു ഫാത്തിമ. ഇരുവശത്തും നോക്കി സീബ്ര ലൈനിലൂടെ അതീവ ശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന ഫാത്തിമയെ, കോഴിക്കോട് നിന്ന് കാളികാവിലേക്ക് അമിത വേഗതയിൽ പോവുകയായിരുന്ന പാസ് എന്ന ബസ്സാണ് ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഫാത്തിമ ബസ്സിനടിയിലേക്ക് വീണുപോയി. സംഭവ സ്ഥലത്തുണ്ടായിരുന്നവർ നടുങ്ങിനിൽക്കവേ, ഫാത്തിമ ബസിനടിയിൽ നിന്ന് സ്വയം എഴുന്നേറ്റുവന്നു. നാട്ടുകാർ ഫാത്തിമയെ ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശരീര വേദനയുണ്ടായിരുന്നെങ്കിലും ഗുരുതരമായ പരിക്കുകളില്ല.
അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഡ്രൈവറെയും ബസ് ഉടമയെയും ചോദ്യം ചെയ്യാനായി ഫറോക്ക് ജോയിന്‍റ് ആർടിഒ വിളിപ്പിക്കും. ഡ്രൈവറുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്യും. അച്ചടക്ക നടപടിയുടെ ഭാഗമായി ഡ്രൈവറെ മോട്ടോർ വാഹനവകുപ്പിന്‍റെ പ്രത്യേക പരിശീലനത്തിന് പറഞ്ഞയക്കും.
മലപ്പുറം മേലാറ്റൂർ സ്വദേശി ഹൈദരലിയുടെ ഉടമസ്ഥതയിലുള്ള ബസിനെതിരെ മുമ്പും അപകടം വരുത്തിയതിന് കേസുണ്ട്. അപടകത്തിന്‍റെ പശ്ചാത്തലത്തിൽ സീബ്രാ ലൈനുകളിൽ വാഹനത്തിന്‍റെ വേഗത കുറയ്ക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു.