നന്മണ്ട: നന്മണ്ട 13 ലും പരിസര പ്രദേശങ്ങളിലുമായി രണ്ട് സ്ഥലത്ത് മോഷണം. ചൊവ്വാഴ്ച രാത്രിയാണ് രണ്ട് കടകളിലും മോഷണം നടന്നത്. മൂലേംമാവ് പെട്ടിക്കട നടത്തുന്ന ഭിന്നശേഷിക്കാരനായ പടിഞ്ഞാറെ കുഴിയിൽ ബാബുവിന്റെ പെട്ടിക്കടയിൽ സൂക്ഷിച്ച 8000 രൂപ മോഷ്ടിക്കപ്പെട്ടു. ചിട്ടിയിൽ അടയ്ക്കാൻ സ്വരൂപിച്ച തുകയാണ് നഷ്ടമായത്. പലകയുടെ പൂട്ട് തകർത്താണ് മോഷണം. കടയിലെ സാധനങ്ങളും മോഷ്ടാക്കൾ എടുത്തു കൊണ്ടുപോയി. കരിയാത്തൻ കാവിൽ നാണംകണ്ടി മജീദിന്റെ മസാലകടയിൽ നിന്ന് 10000 ത്തോളം രൂപ മോഷണം പോയതായും പരാതിയുണ്ട്.
സന്ധ്യയായാൽ മൂലേം മാവ് പരിസരം മദ്യ മയക്കുമരുന്നു മാഫിയക്കാരുടെ പിടിയിലാണെന്ന് നാട്ടുകാർ പറയുന്നു. ഒഴിഞ്ഞ പറമ്പിലേക്ക് വാഹനങ്ങൾ കയറ്റിയാണ് ലഹരി വിപണനം. ചേളന്നൂർ എക്സൈസ് റേഞ്ചിന്റെ പരിധിയിലാണ് ഈ പ്രദേശം. രാത്രികാലങ്ങളിൽ എക്സൈസിന്റെയോ, പോലിസിന്റെയൊ നൈറ്റ് പട്രോളിങ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബാബു ബാലുശ്ശേരി പോലിസിൽ പരാതി നൽകിയതിനെ തുടർന്ന് പോലിസ് സ്ഥലത്തെത്തി.