ബാലുശ്ശേരി: ബാലുശ്ശേരി വട്ടോളി ബസാറിൽ കാൽനട യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി നിർത്താതെ കടന്നുകളഞ്ഞ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉള്ളിയേരി സ്വദേശി റിൻഷാദിന്റേതാണ് ഇടിച്ച കാർ. കാർ തട്ടിച്ച് നിർത്താതെ പോയതിനും പ്രാഥമിക ചികിത്സ നല്കാതെ കടന്നുകളഞ്ഞതിനുമുൾപ്പെടേയുള്ള വകുപ്പുകൾ ചുമത്തി റിൻഷാദിന്റെ പേരിൽ കേസെടുത്തു. കാർ പൊലീസ് കോടതിയിൽ ഹാജരാക്കി. മെയ് 16-ന് പനങ്ങാട് സർവീസ് സഹകരണബാങ്കിന് സമീപത്തുവെച്ചായിരുന്നു സംഭവം.
വട്ടോളി ബസാറിൽനിന്ന് മത്സ്യംവാങ്ങി വീട്ടിലേക്ക് മടങ്ങവേ പൂക്കാട്ട് മീത്തൽ വാസു (82)വിനെയാണ് താമരശ്ശേരി ഭാഗത്തുനിന്ന് ബാലുശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാർ ഇടിച്ചുവീഴ്ത്തിയശേഷം നിർത്താതെ പോയത്. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ വാസുവിനെ നാട്ടുകാർ ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.
തട്ടിയ കാറിന്റെ ഇടതുഭാഗത്തെ ഗ്ലാസ് കവറിങ് പൊട്ടി റോഡിൽ വീണിരുന്നു. ഇത് നിർണായക തെളിവായി. വിവിധ സ്ഥലങ്ങളിലെ നൂറുകണക്കിന് സി.സി.ടി.വി. ക്യാമറകൾ നിരീക്ഷിച്ചിരുന്നെങ്കിലും പലതിലും നമ്പർ പ്ലേറ്റ് വ്യക്തമായിരുന്നില്ല. ആഴ്ചകളോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കരുമലയിലെ ഫ്രൻ്റ്സ് വർക്ക്ഷോപ്പിലെ ക്യാമറയിൽ നിന്ന് കാറിന്റെ ചിത്രവും നമ്പറും പതിഞ്ഞത് കണ്ടത്. വ്യക്തമായി കാണാൻ ലെൻസ് ഉപയോഗിച്ച് നമ്പർ ഉറപ്പുവരുത്തുകയായിരുന്നു. ഒപ്പംതന്നെ കൊടുവള്ളി, നന്മണ്ട, കൊയിലാണ്ടി ആർ.ടി.ഒ.യുടെ കീഴിൽ രജിസ്റ്റർചെയ്ത മാഗ്മ ഗ്രേ കളർ കാറുകളുടെ മുഴുവൻ രജിസ്റ്റർ നമ്പറുകളും ശേഖരിച്ചു.
ബാലുശ്ശേരി സി.ഐ. മഹേഷ് കണ്ടമ്പേത്തിന്റെ നിർദ്ദേശാനുസരണം സീനിയർ സി.പി.ഒ.മാരായ ഗോകുൽ രാജും മുഹമ്മദ് ജംഷിദും ആഴ്ചകളോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കാറിന്റെ നമ്പർ കണ്ടെത്തിയതും കാർ കസ്റ്റഡിയിലെടുത്തതും.