Trending

VarthaLink

അവസാന നിമിഷത്തില്‍ തിരിച്ചടി; കെജ്‍രിവാളിൻ്റെ ജാമ്യം ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: വിവാദ മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഡൽഹിയിലെ റൗസ് അവന്യൂ കോടതി അനുവദിച്ച ജാമ്യം ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ ഹർജി പരിഗണക്കുന്നത് വരെ താത്കാലികമായാണ് ജാമ്യം സ്റ്റേ ചെയ്തിരിക്കുന്നത്. ഹൈക്കോടതിയിൽ വാദം പുരോഗമിക്കുകയാണ്. വാദത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചയോടെ ഹൈക്കോടതിയുടെ ഉത്തരവുണ്ടാകുമെന്നാണ് കരുതുന്നത്.

വ്യാഴാഴ്ചയാണ് ഡൽഹി റൗസ് അവന്യൂ കോടതി കെജ്‍രിവാളിന് ജാമ്യം അനുവദിച്ചത്. ജാമ്യഉത്തരവ് 48 മണിക്കൂർ സ്റ്റേ ചെയ്യണമെന്ന് ഇ.ഡി ഇന്നലെ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. മദ്യ ലൈസൻസ് ലഭിക്കാൻ കെജ്‌രിവാൾ 100 കോടി കോഴ ചോദിച്ചെന്നു ഇ.ഡി ഇന്നലെ കോടതിയിൽ ആവർത്തിച്ചിരുന്നു. ഇതോടെ ജാമ്യ പ്രതീക്ഷ മങ്ങിയെങ്കിലും വൈകിട്ട് ഏഴുമണി കഴിഞ്ഞ്, ജാമ്യം നൽകുകയാണ് എന്ന വിവരം കോടതി അറിയിക്കുകയായിരുന്നു. ജാമ്യവാർത്ത അറിഞ്ഞു കെജ്‌രിവാളിന്‍റെ വസതിക്ക് മുന്നിൽ ആം ആദ്മി പ്രവർത്തകർ ഇന്നലെ രാത്രി മുതൽ ആഘോഷം തുടങ്ങിയിരുന്നു. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി സുപ്രിംകോടതി നേരത്തെ കെജ്‌രിവാളിന് രണ്ടാഴ്ച ജാമ്യം നൽകിയിരുന്നു. മേയ് പത്തിന് പുറത്തിറങ്ങിയ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കഴിഞ്ഞ് ജൂൺ രണ്ടിന് തിരികെ ജയിലിൽ കീഴടങ്ങി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇടക്കാലജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.

Post a Comment

Previous Post Next Post