താമരശ്ശേരി: താമരശ്ശേരി ചുടലമുക്കിൽ വാടകക്കെട്ടിടത്തിൽ താമസിച്ചുവന്ന യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പാറപൊട്ടിക്കൽ തൊഴിലാളിയായ അറുമുഖൻ എന്ന സുരേഷ് (48) ആണ് മരിച്ചത്. ഒരുവർഷത്തോളമായി താമരശ്ശേരിയിൽ വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു.
മുറിയിലെ മുകൾഭാഗത്തെ കൊളുത്തിൽ കെട്ടിത്തൂങ്ങിയ നിലയായിരുന്ന മൃതദേഹത്തിന് മൂന്നുദിവസത്തിലധികം പഴക്കമുണ്ട്. മുറിയ്ക്കുള്ളിൽ നിന്ന് രൂക്ഷഗന്ധമുയർന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
എസ്ഐ. എം.അബ്ദുവിന്റെ നേതൃത്വത്തിൽ താമരശ്ശേരി പോലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. സംഭവത്തിൽ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നുമാണ് പോലീസിന്റെ പ്രാഥമികനിഗമനം.