ഉള്ളിയേരി: സ്വകാര്യ ഏജൻസി വഴി ഉള്ളിയേരിയില്‍ കിടപ്പ്‌രോഗിയെ പരിചരിക്കാനെത്തിയ ശേഷം രണ്ട് പവനോളം വരുന്ന സ്വര്‍ണ്ണമാലയുമായി മുങ്ങിയ ഹോംനഴ്‌സ് അറസ്റ്റിൽ. പാലക്കാട് ചീറ്റൂര്‍ കൊടമ്പ് സ്വദേശിനി മഹേശ്വരി (42) ആണ് അറസ്റ്റിലായത്. കോഴിക്കോട് നിന്നാണ് പ്രതി പിടിയിലാകുന്നത്.
മെയ് 27ന് ഉള്ളിയേരിയിലെ രാഘവന്‍ നായരുടെ വീട്ടിൽ നിന്നും സ്വർണ്ണാഭരണം മോഷണം പോയത് വാർത്താലിങ്കാണ് ആദ്യം വാർത്ത നൽകിയത്. രാഘവന്‍ നായരുടെ ഭാര്യ ജാനുഅമ്മയുടെ മുടി അന്നേദിവസം മഹേശ്വരി ഡൈ ചെയ്ത് കൊടുത്തിരുന്നു. ജാനു അമ്മയെ സ്വര്‍ണ്ണ മാലയില്‍ ഡെെ ആയാല്‍ കളര്‍ മങ്ങുമെന്ന് വിശ്വസിപ്പിച്ച് മാല അഴിപ്പിച്ച് വെക്കുകയായിരുന്നു. പിന്നീട് കൊയിലാണ്ടിയില്‍ പോയിവരാമെന്ന് പറഞ്ഞാണ് ഹോംനഴ്‌സായ മഹേശ്വരി ആഭരണവുമായി സ്ഥലംവിട്ടത്. കുറച്ച് കഴിഞ്ഞപ്പോഴാണ് ജാനുഅമ്മക്ക് സ്വര്‍ണ്ണമാല കാണാനില്ലെന്നത് മനസ്സിലാവുന്നത്. തുടർന്ന് അത്തോളി പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതിക്കെതിരെ സമാനമായ രീതിയിലുള്ള എട്ടോളം കേസുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അത്തോളി പോലീസ് പറഞ്ഞു. കോഴിക്കോട് ജില്ലയ്ക്ക് പുറമേ പാലക്കാടും തൃശ്ശൂരിലും മാഹിയിലും ഇവർക്കെതിരെ കേസുകളുണ്ട്. ഫാസില, ബീവി, തങ്കം തുടങ്ങിയ വ്യാജ പേരുകളിൽ ഹോം നഴ്സായി പോയാണ് ഇവർ ഇത്തരത്തിൽ മോഷണം നടത്താറെന്നും പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.