നരിക്കുനി: നരിക്കുനി അങ്ങാടിയിൽ പള്ളിയാറക്കോട്ട ക്ഷേത്രത്തിനുസമീപം കടന്നുപോകുന്ന നന്മണ്ട-പടനിലം റോഡിലെ വെള്ളക്കെട്ടുകൊണ്ട് വർഷങ്ങളായി അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരമാകുന്നു. നരിക്കുനി ഹൈസ്കൂൾതാഴം മുതൽ പടനിലം റോഡ് ജംഗ്ഷൻ വരെ നവീകരണത്തിന് രണ്ടുകോടിയുടെ ഭരണാനുമതി.
നരിക്കുനി ചാലിയേക്കരക്കുന്നിലെ ഹൈസ്കൂളിനു താഴെയായി കടന്നുപോകുന്ന കാപ്പാട്-തുഷാരഗിരി റോഡ് സംസ്ഥാന പാതയുടെ ഭാഗമായിരിക്കയാണ്. ശക്തമായ മഴയിൽ ചാലിയേക്കരക്കുന്നിൽ നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം പൂർണമായും അഴുക്കുചാലിൽ പതിക്കാതെ നേരിട്ട് റോഡിലേക്ക് ഒഴുകിയെത്തുകയാണ്. ചെറിയ മഴയ്ക്കുതന്നെ റോഡിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് ദിവസങ്ങളോളം അതേപടി തുടരുന്നു. വാഹനങ്ങളുടെ മത്സര ഓട്ടത്തിനിടയിൽ അഴുക്കുവെള്ളം തെറിക്കുന്നത് സമീപത്തെ കടക്കാരുടെയും കാൽനട യാത്രക്കാരുടെയും, വിദ്യാർത്ഥികളുടെയും ദുരിതം ഇരട്ടിയാക്കുന്നു. റോഡ് നവീകരണത്തോടെ ഇതിനു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
2023-24 വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്ന പ്രവൃത്തിക്കാണ് അനുമതി നൽകാൻ തീരുമാനമായിരിക്കുന്നത്. ഫുട്പാത്ത് അടക്കമുള്ള പ്രവൃത്തികൾ വിഭാവനം ചെയ്തിട്ടുണ്ടെന്നും, പ്രവൃത്തിക്ക് സാങ്കേതിക അനുമതികൂടി ലഭ്യമാകുന്നതോടെ, ടെൻഡർ നടപടികൾ പൂർത്തിയാക്കി കാലതാമസമില്ലാതെതന്നെ പ്രവൃത്തി ആരംഭിക്കാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.