കോഴിക്കോട്: കാലാവസ്ഥ വകുപ്പിൻ്റെ മഴ മുന്നറിയിപ്പ് നിർദ്ദേശം ലഭിച്ച സാഹചര്യത്തിൽ ജനങ്ങൾ സുരക്ഷാ നിർദ്ദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ അറിയിച്ചു.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ ഇവയാണ്.
• കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതി മലവെള്ളപ്പാച്ചിലും, മിന്നൽ പ്രളയങ്ങളും സൃഷ്ടിക്കും.
• മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ട്, അതിനാൽ ആവശ്യമെങ്കിൽ അധികാരികളുടെ നിർദ്ദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുവാൻ ശ്രദ്ധിക്കേണ്ടതാണ്.
• ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും, മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും , താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം.
• അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കുക.
• ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്. ഒഴുക്കുള്ളത്തും, കവിഞ്ഞൊഴുകുന്നതും ആയിട്ടുള്ള ജലാശയങ്ങളിൽ ഇറങ്ങുന്നത്,
നീന്തുന്നത് ഒക്കെ മുങ്ങിമരണങ്ങൾക്ക് വഴിയൊരുക്കും. ഇത്തരം സാഹചര്യങ്ങള് ഒഴിവാക്കുക.
• വൈദ്യതി ലൈനുകൾ പൊട്ടി വീണ് കൊണ്ടുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുന്നേ വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവർ, ക്ലാസുകളിൽ പോകുന്ന കുട്ടികൾ തുടങ്ങിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയിൽ പെട്ടാൽ 1912 എന്ന നമ്പറിൽ KSEB യെ അറിയിക്കുക
• മിന്നൽ ജാഗ്രതാ നിർദ്ദേശപ്രകാരം മുൻകരുതലുകൾ സ്വീകരിക്കുക.
• കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https: //sdma.kerala.gov.in/windwarning/ നിന്ന് ലഭ്യമാണ്.
• സ്വകാര്യ - പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ /പോസ്റ്റുകൾ / ബോർഡുകൾ/മതിലുകൾ തുടങ്ങിയവ സുരക്ഷിതമാമാണെന്ന് ഉറപ്പാക്കണം.
• തീരപ്രദേശത്ത് കടലാക്രമണ സാധ്യതകണക്കിലെടുത്ത് അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.