തിരുവനന്തപുരം: കേരളത്തിലെ ട്രെയിൻ യാത്രക്കാര്‍ക്ക് ഇനി ആശ്വസിക്കാം. നാല് വർഷങ്ങൾക്കു മുൻപ് എക്സ്പ്രസ് ട്രെയിനുകളാക്കി മാറ്റിയ പാഞ്ചർ ട്രെയിനുകൾ വീണ്ടും പാസഞ്ചർ ട്രെയിനുകലുടെ വിഭാഗത്തിലേക്ക് വരുന്നു. കൊവിഡ് കാലത്ത് ആൾക്കൂട്ടവും തിരക്കും നിയന്ത്രിക്കുന്നതിനായാണ് പാസഞ്ചർ ട്രെയിനുകളെ അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ എന്ന പേരിലേക്ക് മാറ്റിയത്. ജൂലൈ 1 മുതൽ ഈ എക്സ്പ്രസ് ട്രെയിനുകൾ പാസഞ്ചർ ട്രെയിനുകളായി ഓടിത്തുടങ്ങും.
140 ജോഡി ട്രെയിനുകൾ സാധാരണ രണ്ടാം ക്ലാസ് പാസഞ്ചർ വിഭാഗത്തിലേക്ക് മാറ്റാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിൽ സർവീസ് നടത്തുന്ന 39 ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ഇതോടെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയായി മാറും. നേരത്തെ 30 രൂപയായിരുന്നു മെമു, എക്സ്‌പ്രസ് തീവണ്ടികളിലെ മിനിമം ടിക്കറ്റ് നിരക്ക്. ഇത് ദൈനംദിന ട്രെയിൻ യാത്രക്കാർക്ക് ഏറെ ആശ്വാസകരമായ നീക്കമാണ്.
നേരത്തെ, ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പിന് 50 ദിവസം മുമ്പ് ഔദ്യോഗിക അറിയിപ്പില്ലാതെ ഈ വർഷം മാർച്ചിൽ ഈ ട്രെയിനുകളുടെ മിനിമം നിരക്ക് 30 രൂപയിൽ നിന്ന് 10 രൂപയായി കുറച്ചത് ഇനി സ്ഥിരമായിരിക്കും. എന്നാൽ ഒന്നിൽ നമ്പർ ആരംഭിക്കുന്ന പാസഞ്ചറുകളെ എക്സ്പ്രസുകളാക്കി നിലനിർത്തി ഇപ്പോഴും അവയിൽ മിനിമം നിരക്ക് 30 രൂപയാണ് ഈടാക്കി വരുന്നത്. തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ ഓടുന്ന പാസഞ്ചർ ട്രെയിനുകൾ കോവിഡ് -19 ലോക്ക്ഡൗണിന് ശേഷം 2020 മാർച്ചിൽ എക്‌സ്‌പ്രസ് ട്രെയിനുകളാക്കി മാറ്റിയിരുന്നു.
പുതിയ മാറ്റങ്ങളെത്തുടർന്ന് റെയില്‍വേയുടെ യുടിഎസ് ആപ്പില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 'ഓര്‍ഡിനറി' വിഭാഗം എന്ന ഓപ്ഷൻ വന്നു. ഇതിൽ കുറഞ്ഞ നിരക്ക് 10 രൂപയാണ് കാണിക്കുന്നത്. 10 രൂപയ്ക്ക് 45 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. അടുത്ത 25-കിലോമീറ്ററില്‍ അഞ്ചുരൂപ വര്‍ധിക്കും.
ഇത് കൂടാതെ ദക്ഷിണ റെയിൽവേയുടെ പാസഞ്ചർ ട്രെയിനുകൾക്കു കോവിഡ് കാലത്തിനു മുൻപുള്ള നമ്പർ തിരിച്ചുവരികയാണ്. ഇപ്പോൾ പൂജ്യത്തിൽ തുടങ്ങുന്ന നമ്പരുകളെല്ലാം വീണ്ടും 5,6,7 എന്നീ നമ്പരുകളിലാകും. ഈ മാറ്റവും ജൂലൈ ഒന്നു മുതൽ വരും. 200 കിലോമീറ്റർ ദൈർഘ്യത്തിൽ താഴെയുള്ള പാസഞ്ചറുകളുടെ നമ്പറുകൾ പൂജ്യത്തിൽ തുടങ്ങുന്ന രീതിയിലാണ് നേരത്തെ ക്രമീകരിച്ചത്.. മറ്റ് പാസഞ്ചറുകളുടെ നമ്പർ ഒന്നിൽ ആരംഭിക്കുന്ന രീതിയിലും ക്രമീകരിച്ചു. ഇത് വീണ്ടും പഴയപോലെ 5,6,7 എന്നീ നമ്പരുകളിലാകും