തിരുവനന്തപുരം: വേനലവധി കഴിഞ്ഞ് സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30ന് എറണാകുളം എളമക്കര ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാകേന്ദ്രങ്ങളിലൂം സ്കൂൾ തലത്തിലും പ്രത്യേകം പരിപാടികൾ സംഘടിപ്പിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം കണ്ട നല്ല ജനകീയ ക്യാംപെയിനായി ഇത് മാറണം. പുതിയ കാലവും പുതിയ ലോകവും നേരിടാൻ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കണം. പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ചതാണെങ്കിലും ചില മേഖലകളിൽ പിന്നോട്ടാണ്. സ്വയം നവീകരിക്കാനുള്ള എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2,44,646 കുരുന്നുകളാണ് ഇത്തവണ പുതുതായി ഒന്നാം ക്ലാസിലേക്ക് എത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ് ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 2.98 ലക്ഷമായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 53,421 പേരുടെ കുറവാണ് ഇത്തവണയുണ്ടായത്. ഇത്തവണ സംസ്ഥാനത്ത് ആകെ 39.94 ലക്ഷം വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്. സര്‍ക്കാര്‍ മേഖലയില്‍ 11,19,380, എയ്ഡഡ് മേഖലയില്‍ 20,30,091, അണ്‍ എയ്ഡഡ് മേഖലയില്‍ 2,99,082 എന്നിങ്ങനെയാണ് ഇക്കുറി പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം.
എസ്എസ്എൽസി മൂല്യനിർണയത്തിലെ പൊളിച്ചെഴുത്തടക്കം ഒരുപാട് മാറ്റങ്ങളുമായാണ് ഈ അധ്യയന വർഷം ആരംഭിക്കുന്നത്. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം പാഠപുസ്തകങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങൾ. ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഒന്നാം ക്ലാസിൽ അക്ഷരമാലയും ഇക്കൊല്ലം തിരികെയെത്തി. മാറ്റമില്ലാത്ത പുസ്തകങ്ങളാണ് ഇതിനോടകം വിദ്യാലയങ്ങൾ എത്തിയിട്ടുള്ളത്.
ആദ്യമായി എത്തിയവരെ സ്വീകരിക്കാൻ വർണാഭമായ സജ്ജീകരണങ്ങളാണ് സർക്കാർ ഒരുക്കിയിരുന്നത്. രാവിലെ 9ന് മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഒന്നാം ക്ലാസിലെ കുട്ടികളെ സ്വീകരിച്ചു. തുടർന്ന് പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടന്നു. ജില്ലാതലത്തിൽ നടക്കുന്ന പ്രവേശനോത്സവ പരിപാടികൾക്ക് വിവിധ മന്ത്രിമാർ നേതൃത്വം നൽകി.