Trending

VarthaLink

വിദ്യാർത്ഥികളിൽ നിന്നും അധ്യാപകര്‍ ഉപഹാരങ്ങള്‍ സ്വീകരിക്കുന്നതിന് വിലക്ക്

തിരുവനന്തപുരം: അധ്യാപകര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഉപഹാരങ്ങള്‍ സ്വീകരിക്കരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. വില പിടിപ്പുള്ളതോ അല്ലാത്തതോ ആയ സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്നാണ് ഉപഡയറക്റ്റര്‍മാര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്റ്റര്‍ നിര്‍ദ്ദേശം നല്‍കിയത്.

അധ്യയന വര്‍ഷാവസാനം വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് വിലകൂടിയ ഉപഹാരങ്ങള്‍ നൽകുന്നതും യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുന്നതും സ്‌കൂളുകളില്‍ പതിവായിട്ടുണ്ട്. പല സ്‌കൂളുകളില്‍ ഇത്തരം രീതികള്‍ ഒരു ശൈലിയായി മാറിയതായി വിദ്യാഭ്യാസ വകുപ്പിന് പരാതികള്‍ ലഭിച്ചിരുന്നു. പിന്നാലെയാണ് ഉപഹാരങ്ങള്‍ വിലക്കി ഉത്തരവിറക്കിയിരിക്കുന്നത്. നേരത്തെ മലപ്പുറം വിദ്യാഭ്യാസ ജില്ലാ ഉപ ഡയറക്റ്ററും അധ്യാപകര്‍ ഉപഹാരങ്ങള്‍ സ്വീകരിക്കുന്നത് വിലക്കി നിര്‍ദ്ദേശം നല്‍കിയിരുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ മുന്‍കൂര്‍ അനുമതി കൂടാതെ അന്യരില്‍ നിന്നും യാതൊരു തരത്തിലുള്ള സമ്മാനമോ, പ്രതിഫലമോ, പ്രത്യക്ഷമായോ പരോക്ഷമായോ തനിക്കുവേണ്ടിയോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ സ്വീകരിക്കുകയോ കുടുംബങ്ങളില്‍ നിന്നും ആരെയും അവ വാങ്ങാന്‍ അനുവദിക്കുകയോ ചെയ്യാന്‍ പാടില്ലെന്നാണ് ചട്ടം. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ സമ്പ്രദായം പാടില്ലെന്ന് ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാർക്കാണ് നിര്‍ദ്ദേശം നല്‍കിയത്.

Post a Comment

Previous Post Next Post