Trending

VarthaLink

മലയാള സിനിമാ സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു 


തിരുവനന്തപുരം: മലായാള സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

വാണിജ്യവിജയം മാത്രം ലക്ഷ്യമിടാതെ കലാമൂല്യമുള്ള സിനിമകള്‍ക്ക് ദൃശ്യാവിഷ്‌കാരം നല്‍കുന്നതിന് മുന്‍തൂക്കം നല്‍കിയ സംവിധായകനാണ് ഹരികുമാര്‍. സാഹിത്യകാരന്‍മാരുടെ സംവിധായകന്‍ എന്ന് വിശേഷിക്കപ്പെടുന്ന അദ്ദേഹം എം.ടി വാസുദേവന്‍ നായര്‍, എം. മുകുന്ദന്‍, പെരുമ്പടവം ശ്രീധരന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരുടെ കഥകളും തിരക്കഥകളും സിനിമയാക്കിയിട്ടുണ്ട്. 

ഹരികുമാറിന്റെ ആദ്യ സിനിമ 1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍പൂവായിരുന്നു. സുകുമാരി, ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.1994-ല്‍ എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത 'സുകൃതം' പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ചിത്രമാണ്. മമ്മൂട്ടി, ഗൗതമി എന്നിവര്‍ പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ച 'സുകൃതം' ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടുകയും ചെയ്തു.

ജാലകം, ഊഴം, അയനം, ഉദ്യാനപാലകന്‍, സ്വയംവരപ്പന്തല്‍, എഴുന്നള്ളത്ത്‌ തുടങ്ങി പതിനാറോളം സിനിമകള്‍ സംവിധാനം ചെയ്തു. എം മുകുന്ദന്റെ തിരക്കഥയില്‍ സുരാജ് വെഞ്ഞാറമൂട്, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രധാനവേഷങ്ങളെ അവതരിപ്പിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാനം സംവിധാനം ചെയ്ത ചിത്രം. 2005, 2008 വര്‍ഷങ്ങളില്‍ ദേശീയ പുരസ്‌ക്കാര ജൂറിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ചന്ദ്രികയാണ് അദ്ദേഹത്തിൻ്റെ ഭാര്യ.

Post a Comment

Previous Post Next Post