കൊച്ചി: അന്താരാഷ്ട്ര അവയവ മാഫിയാ സംഘത്തിലെ പ്രധാനി പിടിയിൽ. തൃശൂർ സ്വദേശി സബിത്തിനെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്. കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ട് പ്രകാരമാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം. ഇയാൾക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയാണ് ഇയാള്‍ ചൂഷണം ചെയ്തിരുന്നത്. കൂടുതൽ ആളുകൾക്ക് അവയവ മാഫിയയുമായി ബന്ധമുണ്ടെന്നാണ് ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. വിവിധ ജില്ലകളിലേക്ക് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
കേസ് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല. മലയാളികളെ വിദേശത്ത് കൊണ്ടുപോയി അവയവമാറ്റ ശസ്ത്രക്രിയ നടത്തി കുറഞ്ഞ വിലക്ക് അവയവം കൈക്കലാക്കുകയും പിന്നെ അത് വലിയ വിലക്ക് വിൽപ്പന നടത്തുകയും ചെയ്യുന്ന അന്താരാഷ്ട്ര മാഫിയാ സംഘത്തിലെ പ്രധാന കണ്ണിയാണ് സബിത്ത് എന്നാണ് വിവരം.