താമരശ്ശേരി: താമരശ്ശേരി-മുക്കം സംസ്ഥാന പാതയിൽ ചുടലമുക്കിന് സമീപത്ത് വച്ച് യുവാവിന് വെട്ടേറ്റു. മലപ്പുറം അരീക്കോട് വാലില്ലാപ്പുഴ താഴെ പറമ്പ് ഹാരിസ് (45) നാണ് വെട്ടേറ്റത്. ഇന്നു പുലർച്ചെ 2.30 ന് ആയിരുന്നു സംഭവം. ശരീരമാസകലം വെട്ടേറ്റ യുവാവിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിക്ക് വിധയനാക്കി. സംഭവത്തിൽ താമരശ്ശേരിക്ക് സമീപം വാടകക്ക് താമസിക്കുന്ന മലപ്പുറം മൊറയൂർ വാളമ്പ്രം സ്വദേശി മുനീറിനെ പോലീസ് അറസ്റ്റു ചെയ്തു.
സംഭവത്തിൻ്റെ തുടക്കം ഇങ്ങനെ: പ്രതിയുടെ അടുത്ത ബന്ധുവായ ഭർതൃമതിയെ മൂന്നുദിവസം മുമ്പ് പ്രതി ബാംഗ്ലൂരിലേക്ക് കടത്തികൊണ്ടു പോയിരുന്നു. ഇയാൾ എംഡിഎംഎ മൊത്തവ്യാപാരിയാണെന്ന് അറിയാവുന്ന ബന്ധുക്കൾ യുവതിയെ കൊണ്ടുപോയത് സംബന്ധിച്ച് അരീക്കോട് പോലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ ഇയാൾ താമരശ്ശേരിയിൽ എവിടെയോ താമസിക്കുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥനത്തിൽ ജീപ്പിൽ ഒരു സംഘം ഇന്നലെ അടിവാരം, ഈങ്ങാപ്പുഴ, താമരശ്ശേരി ഭാഗങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തിരികെ പോകുമ്പോൾ ചുടലമുക്കിന് സമീപം വെച്ച് പ്രതിയുടെ സ്കൂട്ടർ സംഘത്തിൻ്റെ ജീപ്പിന് പിന്നിൽ ഇടിച്ചു. ഹെൽമറ്റും കോട്ടും ധരിച്ചതിനാൽ പ്രതിയെ ജീപ്പിലുള്ളവർ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല, എന്നാൽ ജീപ്പിൽ നിന്നും പുറത്തിറങ്ങിയ ഹാരിസിനെ കണ്ടപ്പോൾ തന്നെ പ്രതി ആക്രമിക്കുകയായിരുന്നു.
മൂന്നുമാസം മുമ്പ് മറ്റൊരു ബന്ധുവായ യുവതിയെയും സമാന രീതിയിൽ പ്രതിയായ മുനീർ കടത്തികൊണ്ട് പോയിരുന്നു. ഇന്നലെ ആക്രമം നടക്കുമ്പോൾ ഈ യുവതി പ്രതിയുടെ കൂടെയുണ്ടായിരുന്നു, ബസ് സ്റ്റാൻ്റുകൾ കേന്ദ്രീകരിച്ച് ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തുകയും, ഇരകളെ കണ്ടെത്തുന്നതും ഈ യുവതിയെ ഉപയോഗിച്ചാണെന്ന് ബന്ധുക്കൾ പറഞ്ഞു.
ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘങ്ങൾക്ക് ഇയാളും സുഹൃത്തും ചേർന്ന് സ്ത്രീകളെ എത്തിച്ചു കൊടുക്കുന്നതായും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. പോലീസും ഫോറൻസിക് സംഘവും സംഘർഷമുണ്ടായ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.