Trending

VarthaLink

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവുകൾ നൽകി സർക്കുലർ പുറത്തിറക്കി.


തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവുകൾ നൽകി ഗതാഗത വകുപ്പ് സർക്കുലർ പുറത്തിറക്കി. സമരം പിൻവലിക്കുന്നത് സംബന്ധിച്ച് ഡ്രൈവിങ് സ്കൂളുകളുടെ തീരുമാനം ഇന്നുണ്ടാകും.

മെയ് ഒന്ന് മുതലാണ് പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വന്നത്. കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന 'H' ഒഴിവാക്കിയായിരുന്നു പുതിയ പരിഷ്‌കാരം. പകരം സിഗ്സാഗ് ഡ്രൈവിങ്ങും പാർക്കിങ്ങും ഉൾപ്പെടുത്തി. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ഗിയറുള്ള വാഹനം ഉപയോഗിക്കണമെന്നും കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാർ ഉപയോഗിക്കാൻ പാടില്ലെന്നും സർക്കുലറിൽ പറഞ്ഞിരുന്നു.  

കഴിഞ്ഞദിവസം ഡ്രൈവിംഗ് സ്കൂളുകാരുമായി അഡീഷണൽ ഗതാഗത കമ്മീഷണർ ചർച്ച നടത്തിയിരുന്നു. ഗതാഗത മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഡ്രൈവിംഗ് സ്കൂളുമായി ചർച്ച നടന്നത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടുകയും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനവും ടെസ്റ്റിന് ഉപയോഗിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഡ്രൈവിംഗ് സ്കൂളുകാർ ഉന്നയിച്ചിരുന്നു. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായി ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധത്തെ തുടർന്ന് പലയിടത്തും ടെസ്റ്റ് മുടങ്ങുകയും ചെയ്തു.

പുതിയ സര്‍ക്കുലര്‍ പ്രകാരം പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 30ല്‍ നിന്ന് 40 ആക്കി ഉയര്‍ത്തി. 15 വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള വാഹനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ അനുവദിക്കില്ലെന്ന മുന്‍ ഉത്തരവ് നിബന്ധനയ്ക്ക് വിധേയമായി ഇളവ് വരുത്തി. ആറുമാസം കൂടി 15 വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള വാഹനം ഉപയോഗിക്കുന്നതിനാണ് പുതിയ സര്‍ക്കുലറില്‍ അനുമതി നല്‍കിയത്. പുതിയ രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുള്ള ഗ്രൗണ്ടും ട്രാക്കും സജ്ജമാകുന്നത് വരെ നിലവിലെ രീതിയില്‍ തന്നെ ഡ്രൈവിങ് ടെസ്റ്റ് നടത്താമെന്നും പുതിയ സര്‍ക്കുലറിലുണ്ട്.

Post a Comment

Previous Post Next Post