താമരശ്ശേരി: താമരശ്ശേരി പഴയ സ്റ്റാന്‍ഡിന് സമീപത്തുള്ള ബേക്കറിയില്‍ നിന്ന് വാങ്ങിയ മില്‍മയുടെ ഡാര്‍ക്ക് ചോക്ലേറ്റില്‍ നിന്നും പുഴുക്കളെ ലഭിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരം താമരശ്ശേരി സ്വദേശി വാങ്ങിയ ചോക്ലേറ്റിൽ നിന്നുമാണ് നിറയെ പുഴുക്കളെ ലഭിച്ചത്. കവർ പൊളിച്ച്, അതിനുള്ളിലെ അലുമിനിയം ഫോയിലും പൊളിച്ചപ്പോഴാണ് നിറയെ പുഴുവിനെ കണ്ടത്. 40 രൂപയായിരുന്നു ചോക്ലേറ്റിന്.
2023 ഒക്ടോബര്‍ 16 ആണ് ചോക്ലേറ്റിന്റെ പാക്കിംഗ് ഡേറ്റ്. എക്‌സ്പയറി ഡേറ്റ് 2024 ഒക്ടോബര്‍ 15 വരെയാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മില്‍മാ അധികൃതര്‍ കടയിലെ സ്റ്റോക്ക് പിന്‍വലിക്കുകയും പുഴുക്കള്‍ നിറഞ്ഞ ചോക്ലേറ്റിന്റെ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു.
പരാതിയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കൊടുവള്ളി സര്‍ക്കിള്‍ ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് മില്‍മ പുതിയ ഉല്‍പന്നമായി ചോക്ലേറ്റ് ഉദ്പാദനം ആരംഭിച്ചത്. സമാനമായ പരാതി മറ്റു ഭാഗങ്ങളില്‍ നിന്നും ഉണ്ടായതായും ഈ ബാച്ചിലെ ഉല്‍പ്പന്നം പൂര്‍ണമായും വിപണിയില്‍ നിന്നും പിന്‍വലിക്കുമെന്നും മില്‍മ അധികൃതര്‍ വ്യക്തമാക്കി.