തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രചാരണങ്ങള്‍ പൂര്‍ത്തിയായ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനായി കന്യാകുമാരിയില്‍. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെ ഹെലിപാഡിലിറങ്ങിയ മോദി ക്ഷേത്രദര്‍ശനത്തിനുശേഷം ബോട്ടില്‍ വിവേകാനന്ദപ്പാറയിലെ സ്മാരകത്തിലലെത്തി. ഇന്നു മുതല്‍ മറ്റന്നാള്‍ ഉച്ചവരെ 45 മണിക്കൂര്‍ നീളുന്നതായിരിക്കും ധ്യാനം. ലോക്സഭാ വോട്ടെടുപ്പിന്റെ അവസാനഘട്ടം മറ്റന്നാൾ നടക്കാനിരിക്കെയാണ്, ഇന്ന് വൈകിട്ട് മുതൽ വിവേകാനന്ദ സ്മാരകത്തിൽ മോദി ധ്യാനമിരിക്കുന്നത്.
ഉച്ചകഴിഞ്ഞ് 4.20ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വ്യോമസേനയുടെ വിമാനത്തിലെത്തിയ പ്രധാനമന്ത്രി, ഹെലികോപ്റ്ററിൽ 4.55ന് കന്യാകുമാരിയിലെ തമിഴ്നാട് സർക്കാർ ഗെസ്റ്റ് ഹൗസിലെ ഹെലിപാഡിൽ ഇറങ്ങി. ആദ്യം തൊട്ടടുത്തുള്ള ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ദർശനം. പിന്നീട് ബോട്ടിൽ വിവേകാനന്ദപ്പാറയിലെ സ്മാരകത്തിലേക്ക്. സ്വാമി വിവേകാനന്ദൻ ധ്യാനിച്ച അതേയിടത്ത് മറ്റെന്നാൾ ഉച്ചകഴിയുന്നത് വരെ മോദി ധ്യാനം തുടരും.
ജൂണ്‍ ഒന്നിന് പ്രധാനമന്ത്രി ധ്യാനം അവസാനിപ്പിച്ച് ഡല്‍ഹിയിലേക്ക് മടങ്ങും. അതിന് മുമ്പ് തിരുവള്ളുവര്‍ പ്രതിമ അദ്ദേഹം സന്ദര്‍ശിക്കും. വിവേകാനന്ദപ്പാറയ്ക്ക് സമീപമായിട്ടാണ് ഈ പ്രതിമയുള്ളത്. വൈകു. 3.25ന് കന്യാകുമാരിയിൽനിന്നു തിരിച്ച് 4.05ന് തിരുവനന്തപുരത്തത്തി 4.10ന് ഡൽഹിക്കു മടങ്ങും. കനത്ത സുരക്ഷയാണ് കന്യാകുമാരി തീരത്തും കടലിലുമായി ഒരുക്കിയിട്ടുള്ളത്. 8 ജില്ലാ പൊലീസ് മേധാവികളടക്കം നാലായിരത്തോളം പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.