കൊയിലാണ്ടി: മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന യുവതിയെയും യുവാവിനെയും കൊയിലാണ്ടിയിൽ പോലീസ് പിടികൂടി. കൂത്താളി ആയിഷ മൻസിൽ അബ്ദുള്ള മനാഫ് (26), കണ്ണൂർ പള്ളിക്കുന്ന് ലിജാസ് ഹൗസിൽ ലിജാ ജയൻ (27) എന്നിവരാണ് പിടിയിലായത്. സിഐ മെൽവിൻ ജോസും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
കൊയിലാണ്ടി സരയു ഗോൾഡ് ലോൺ സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം മുക്കുപണ്ടം പണയം വെച്ച് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ തട്ടിയെടുത്ത കേസിലാണ് പ്രതികളെ പിടികൂടിയത്. സമാനമായ രീതിയിൽ ഇന്ന് നടുവിലെക്കണ്ടി ഗോൾഡിൽ തട്ടിപ്പ് നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയായിരുന്നു.
കൂടുതൽ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ കാട്ടിലെ പീടികയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും കോഴിക്കോട് ടൗണിലെ അഞ്ച് സ്ഥാപനങ്ങളിലും ഇവർ സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവർ ലക്ഷങ്ങളുടെ ഇടപാടാണ് നടത്തുന്നത്. ചോദ്യം ചെയ്യലിൽ ഇവരുടെ പിന്നിൽ വലിയ സംഘങ്ങൾ ഉള്ളതായി വ്യക്തമാകുന്നതായി പോലീസ് പറയുന്നു.
എസ് ഐ പ്രദീപ്കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സതീഷ് കുമാർ, ദിലീപ്, സിനു രാജ്, ദിവ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.