Trending

VarthaLink

മുളകിനും വെളിച്ചെണ്ണയ്ക്കും വിലകുറച്ച് സപ്ലൈകോ; 13 സബ്സിഡി സാധനങ്ങൾ നാളെ മുതൽ

തിരുവനന്തപുരം: സപ്ലൈകോയിൽ മുളകിന്റെ സബ്സിഡി വില അരക്കിലോയ്ക്ക് 86.10 രൂപയിൽ നിന്നും 78.75 രൂപയായി പുതുക്കി നിശ്ചയിച്ചു. നാളെ മുതലാണ് കുറഞ്ഞ വില നിലവിൽ വരിക. വെളിച്ചെണ്ണ അരലിറ്റർ സബ്സിഡി ഉൾപ്പെടെ ഒരു ലിറ്ററിന് 142.80 രൂപയായും പുതുക്കി നിശ്ചയിച്ചു. 152.25 രൂപയായിരുന്നു നേരത്തെ വില. 5 ശതമാനം ജിഎസ്ടി ഉൾപ്പെടെയുള്ള വിലയാണിത്. 

13 ഇനം സബ്സിഡി സാധനങ്ങൾ പൊതുവിപണിയിൽ നിന്ന് 35 ശതമാനത്തോളം വിലക്കിഴിവിലാണ് സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ലഭിക്കുക. ചെറുപയർ (ഒരു കിലോഗ്രാം) 92 രൂപ, ഉഴുന്ന് ബോൾ (1 കിലോഗ്രാം) 95 രൂപ, വൻ കടല (1 കിലോഗ്രാം) 69 രൂപ, വൻപയർ (1 കിലോഗ്രാം) 75 രൂപ, തുവരപ്പരിപ്പ് (1 കിലോഗ്രാം) 111 രൂപ എന്നിങ്ങനെയാണ് സബ്സിഡി വില.

മല്ലി (500ഗ്രാം) 40.95 രൂപ,  പഞ്ചസാര (1 കിലോഗ്രാം) 28.35രൂപ  എന്നിങ്ങനെയാണ് ജി എസ് ടി ഉൾപ്പെടെയുള്ള വില. ജയ അരി (1 കിലോഗ്രാം) 29 രൂപ, കുറുവ, മട്ട എന്നീ അരികൾക്ക് ഒരു കിലോഗ്രാം 30 രൂപ വീതം, പച്ചരി (1 കിലോഗ്രാം) 26 രൂപ എന്നീ നിരക്കിലാണ് സപ്ലൈകോയിൽ സാധനങ്ങൾ നൽകുക. സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ അരി ഒഴികെയുള്ള മറ്റ് ഇനങ്ങൾക്ക് പാക്കിങ് ചാർജ് രണ്ടു രൂപ ഈടാക്കും. 

എക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ വിലനിലവാരപ്രകാരം പൊതു വിപണി വില (1 കിലോഗ്രാം വീതം) താഴെ പറയും പ്രകാരമാണ് : 

ചെറുപയർ 145.79, ഉഴുന്ന് ബോൾ 148.71, വൻകടല  108.43, വൻപയർ 111.07, തുവരപ്പരിപ്പ് 182.93, മുളക് 219.64,  മല്ലി 119.86, പഞ്ചസാര 43.79, വെളിച്ചെണ്ണ 174 , ജയ അരി 44.92, കുറുവ അരി 44.89, മട്ട അരി 51.36, പച്ചരി 40.21. 

പൊതു വിപണിയിൽ നിന്നും 10 മുതൽ 30 ശതമാനം വരെ വിലകുറച്ച് സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കളും സപ്ലൈകോയിൽ ലഭ്യമാക്കുന്നുണ്ട്.

Post a Comment

Previous Post Next Post