താമരശ്ശേരി: പത്താംക്ലാസ് വിദ്യാർത്ഥിനി കട്ടിപ്പാറ കരിഞ്ചോല പെരിങ്ങോട് ബിജുവിൻ്റെ മകൾ ദേവനന്ദയെ (15) യാണ് കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 5.30 മുതൽ വീട്ടിൽ നിന്നും കാണാതായത്. പൊലീസ് അന്വേഷണം ഉർജ്ജിതമാക്കിയിട്ടുണ്ടെങ്കിലും അഞ്ച് ദിവസമായിട്ടും കണ്ടെത്താനാവാത്തത് ബന്ധുക്കളെ ആശങ്കയിലാക്കുന്നു.
താമരശ്ശേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് കാണാതായ ദേവനന്ദ. മകളെ കാണാതായതുമായി ബന്ധപ്പെട്ട് ബിജു താമരശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരികയാണ്. കുട്ടിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി താമരശ്ശേരി പൊലീസ് ഇൻസ്പെക്ടർ പ്രദീപ് പറഞ്ഞു.
മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പോലീസ് നടത്തുന്നുണ്ട്. ഇന്ന് കൂരാച്ചുണ്ടിലെ മൊബൈൽ ടവർ പരിധിയിൽ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയെതിനെ തുടർന്ന് കൂരാച്ചുണ്ട് പ്രദേശങ്ങളിൽ പോലീസ് അരിച്ചുപെറുക്കിയെങ്കിലും ഫലമുണ്ടായില്ല. എകരൂൽ സ്വദേശിയായ മാറ്റാരു വിദ്യാർത്ഥിയെയും ഇതേ ദിവസം കാണാതായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.